ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ പൂതംകുന്ന്, വലിയപറമ്പ് നഗറുകളുടെ സമഗ്രവികസനം ലക്ഷ്യമാക്കി സമ്പൂർണ ഭവന പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കും. ജനറൽ വിഭാഗത്തിലെ 15 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പട്ടികജാതി വിഭാഗത്തിലെ 10 കുടുംബങ്ങൾക്ക് ഒന്നരലക്ഷം രൂപ വീതവും നൽകിയാണ് ഭവന പുനരുദ്ധാരണം . വാസയോഗ്യമല്ലാത്ത ജനറൽ, പട്ടികജാതി വിഭാഗങ്ങളിലായി നാലുകുടുംബങ്ങൾക്ക് നാലുലക്ഷം രൂപ വീതം നൽകി എട്ട് പുതിയ വീടുകളും നിർമ്മിക്കും. സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ അനുമതി ലഭിച്ചാലുടൻ പദ്ധതി നടപ്പിലാക്കും. ലൈഫ് ഭവനപദ്ധതിയിലും പുതിയ വീടുകൾ ലഭ്യമാക്കും. മന്ത്രി സജി ചെറിയാന്റെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 47 ലക്ഷം രൂപ ഉപയോഗിച്ച് പുതിയ റോഡിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കും. ഭവന പുനരുദ്ധാരണ പദ്ധതിക്കായുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന പ്രത്യേക ഗ്രാമസഭ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് രമ മോഹൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ.രാധാഭായ് , കെ.പി.പ്രദീപ്, ഡി.പ്രദീപ്, കെ.സി.ബിജോയ്, മഞ്ജു, ടി. അനു , കെ.സാലി എന്നിവർ സംസാരിച്ചു.