ചെങ്ങന്നൂർ: കേന്ദ്രസർക്കാർ സ്ഥാപനമായ ബി.എസ്എൻ.എൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂരിലെ കെട്ടിടത്തിന്റെ പരിസരം കാടുമൂടിയ നിലയിലായിട്ടും നടപടിഎടുക്കുന്നില്ലെന്ന് ആക്ഷേപം. ടെലിഫോൺ എക്‌സ്‌ചേഞ്ച്, ഉപഭോക്തൃസേവനകേന്ദ്രം, ജി.എസ്ടി കേന്ദ്ര ഓഫീസ് എന്നി മൂന്ന് ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടവും പരിസരവും കൂടി അരയേക്കറിലധികം ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. പത്തോളം ജീവനക്കാർ ജീവഭയത്തോടെയാണ് ഇവിടെ ജോലി ചെയ്യുന്നത്. ഉപഭോക്തൃസേവനകേന്ദ്രത്തിന് പിൻവശത്താണ് ഭയാനകമായ രീതിയിൽ കാടുപിടിച്ചിട്ടുള്ളത്. നാലുമാസങ്ങൾക്ക് മുമ്പാണ് ഇവിടെ വെട്ടിത്തെളിച്ചത്. മഴ ശക്തമായതോടെ വീണ്ടും കാടുകയറി. ഏജൻസി വഴിയാണ് കെട്ടിടവും പരിസരവും ബി.എസ്എൻ.എൽ അധികൃതർ വൃത്തിയാക്കാറ്. ജില്ലാ ഓഫീസിൽ നിന്നാണ് ഇതിനായി നടപടികൾ സ്വീകരിക്കുന്നത്. കോമ്പൗണ്ട് അപ്കീപ്പിംഗ് ടെണ്ടർ ഇതിനായി വിളിക്കുകയാണ് പതിവ്. പഴയ ഏജൻസി മാറി പുതിയ ഏജൻസി ടെണ്ടർ എടുത്തെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങൾ പറഞ്ഞ് കാടുവൃത്തിയാക്കൽ ഒഴിവാക്കിയെന്നാണ് സൂചന. ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇവിടെ ഉണ്ടെന്നും എത്രയും വേഗം കാടുവെട്ടി ത്തെളിക്കണമെന്നാണ് വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്ന ഉപഭോക്താക്കളുടെ ആവശ്യം.
................................................
ബി.എസ്എൻ.എൽ ഓഫീസിലെ കാടുപിടിച്ച സാഹചര്യം നാട്ടുകാർക്കെല്ലാം ദുരിതമായിരിക്കുകയാണ്. ജീവനക്കാരും വലിയ ഭയപ്പാടിലാണ് ജോലിയെടുക്കുന്നത്. ബി.എസ്എൻ.എൽ ടവറും ജീർണിച്ച് അപകടാവസ്ഥയിലാണ്. ഇഴജന്തുക്കളുടെ ശല്യം കൂടുന്നുണ്ട്. അടിയന്തരമായി അധികൃതർ പരിഹാരം കാണണം.
മധു
(സമീപവാസി)
.......................
കാടുവെട്ടിത്തെളിച്ചത് 4 മാസങ്ങൾക്ക് മുൻപ്
10 ജീവനക്കാർ ജോലി ചെയ്യുന്നു
ഇഴജന്തുക്കളുടെ സാന്നിദ്ധ്യം