ff

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തുന്ന ശബരിമല തീർത്ഥാടകർ വിരിവയ്ക്കാൻ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു. മുൻ വർഷങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ ഒന്നാംനില മുഴുവൻ വിരിവയ്ക്കാനായി ഒരുക്കിനൽകിയിരുന്നു. ഇത്തവണ താഴത്തെനിലയിൽ രണ്ട് മുറിയാണ് ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി. സി. അന്വേഷണ ഓഫീസിനോട് ചേർന്നുള്ള അയ്യപ്പന്റെ ചിത്രത്തിനും വിളക്കിനും സമീപത്തുള്ള ഒഴിഞ്ഞമുറിയാണ് വിരിവയ്ക്കുന്നതിനായി ഒരുക്കിയിട്ടുള്ളത്. ആളുകൾ നടന്നുപോകുന്ന സ്ഥലത്തിനടുത്തായതിനാൽ ഇവിടെ വിശ്രമിക്കാൻ സാധിക്കില്ലെന്നാണ് തീർത്ഥാടകർ പറയുന്നത്. മഴ പെയ്യുമ്പോൾ ഇവിടെ വെള്ളം വീഴുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നെത്തുന്ന വലിയ സംഘങ്ങൾക്ക് ഈ സ്ഥലം മതിയാകില്ല.

മൂന്നോറോളം തീർത്ഥാടകർ ദിവസവും ഈ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നു. കിടക്കുന്നതിനുള്ള പായ, ബിസ്കറ്റ്, ചുക്കുകാപ്പി, വെള്ളം തുടങ്ങിയവ അന്ന് തീർത്ഥാടകർക്ക് നൽകിയിരുന്നു. ദീർഘദൂരം യാത്ര ചെയ്തുവരുന്ന തീർത്ഥാടകരിൽ പലരും ഇവിടെ വിശ്രമിച്ചതിന് ശേഷമായിരുന്നു പമ്പയിലേക്ക് പുറപ്പെട്ടിരുന്നത്. മണ്ഡലകാലത്ത് ശബരി ഹബ്ബായി പ്രവർത്തിക്കുന്ന ബസ് സ്റ്റാൻഡാണിത്

സ്പോൺസർ ചെയ്യാൻ ആളില്ല

മുൻ വർഷങ്ങളിൽ സ്പോൺസർഷിപ്പിലായിരുന്നു ഒന്നാംനിലയിൽ വിരിവയ്ക്കാൻ സൗകര്യം നൽകിയിരുന്നത്. സ്പോൺസർ ചെയ്യാൻ ആരും തയ്യാറാകാത്തതിനാലാണ് വിരിവയ്ക്കാൻ സൗകര്യം ഒരുക്കാത്തതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു .

-----------------------------

സ്‌പോൺസർ ചെയ്യാൻ ആളുകളെ ലഭിച്ചാൽ ഒന്നാംനിലയിലെ ഹാളിൽ വിരിവയ്ക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകാം.

കെ.എസ്.ആർ.ടി.സി അധികൃതർ