sabari

ശബരിമല : വെർച്വൽ ക്യൂ ബുക്കിംഗിലൂടെയും സ്‌പോട്ട് ബുക്കിംഗിലൂടെയും സന്നിധാനത്തേക്ക് എത്തുന്ന തീർത്ഥാടകരുടെ പ്രതിദിന എണ്ണം 75,000 കടന്നു. നടതുറന്ന 15 മുതൽ ഇന്നലെ വൈകിട്ട് ആറുമണിവരെ 5,19,455 പേർ ദർശനം നടത്തി.

21ന് സന്നിധാനത്തെത്തിയത് 77,026 തീർത്ഥാടകരാണ്. ഇന്നലത്തെ കണക്കിൽ വൈകിട്ട് ആറുമണിവരെ സന്നിധാനത്ത് എത്തിയത് 68,358 തീർത്ഥാടകരാണ്. ഇതിൽ സ്‌പോട്ട് ബുക്കിംഗിലൂടെ മാത്രം എത്തിയത് 9418 പേർ. വെർച്വൽ ക്യൂ ബുക്കിംഗ് 70,000വും സ്‌പോട്ട് ബുക്കിംഗ് പതിനായിരവും ഉൾപ്പടെ 80000 പേർക്കാണ് ദർശനത്തിനുള്ള അവസരം ദേവസ്വം ബോർഡ് നൽകുന്നത്. ബുക്ക് ചെയ്യുന്നതിൽ 95 ശതമാനം തീർത്ഥാടകരും എത്തുന്നുണ്ട്.
തിരക്ക് വർദ്ധിക്കുന്നതനുസരിച്ച് ദർശനത്തിനുള്ള തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. കഴിഞ്ഞവർഷം ഡിസംബറിൽ വെർച്വൽ ക്യൂവഴി 80,000 വും സ്‌പോട്ട് ബുക്കിംഗ് വഴി 10,000വും ഉൾപ്പടെ 90,000 പേർക്ക് ദർശനം അനുവദിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെ മറികടന്ന് പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇക്കുറി ദേവസ്വം ബോർഡ് തീർത്ഥാടകരുടെ എണ്ണം 70,000 മായി നിജപ്പെടുത്തുകയായിരുന്നു. ദേവസ്വം ബോർഡിന്റെ കണക്കനുസരിച്ച് ഇപ്പോഴത്തെ നിലയിൽ തിരക്ക് നിയന്ത്രണ വിധേയമാണ്. ഒരു മിനിട്ടിൽ 85 തീർത്ഥാടകരെ വരെ ശരാശരി പടികയറ്റിവിടുന്നുണ്ട്. തിരക്ക് കൂടിയാൽ 90ന് മുകളിൽ തീർത്ഥാടകരെ വരെ പടികയറ്റാൻ കഴിയുമെന്നാണ് പൊലീസ് പറയുന്നത്.

നടതുറന്ന 15 മുതൽ 22 വരെ ദർശനം നടത്തിയവർ

15ന് : 30,657, 16ന് : 72,656, 17ന് : 67,272, 18ന് : 75,959, 19ന് : 64,484, 20ന് : 63,043, 21ന് : 77,026,

22ന് : 68,358 (വൈകിട്ട് ആറ് വരെ)

ആകെ : 5,19,455