മല്ലപ്പള്ളി : മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധ വ്യാപാര വാണിജ്യ മേളയായ തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം വൻ ജനപങ്കാളിത്തത്തോടെ ഒരാഴ്ച പിന്നിടുന്നു. തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആചാരവുമായി ബന്ധപെട്ടുള്ള മേളയിൽ ക്ഷേത്ര വളപ്പിൽ വില്പനയ്ക്ക് ഉണക്കസ്രാവ് പ്രധാന ഇനം എന്നതാണ് ഏറെ പ്രത്യേകത.മേളയുടെ ഭാഗമായി ക്ഷേത്ര യജ്ഞശാലയിൽ ഇന്ന് രാവിലെ 9ന് സാംസ്കാരിക സംഗമം നടക്കും. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാജി രാജപ്പൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി.എസ്. പ്രശാന്ത്, മെമ്പർ അഡ്വ.എ.അജികുമാർ,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ.വത്സല, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷാ ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും. വൃശ്ചിക വാണിഭം സമാപന സമ്മേളനം ഡിസംബർ ഒന്നിന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌ പി.ജി.സതീഷ് കുമാർ, സെക്രട്ടറി അഖിൽ.എസ്.നായർ എന്നിവർ അറിയിച്ചു.