കോന്നി: റാന്നിയിൽ നിന്ന് വടശേരിക്കര, തലച്ചിറ, പുതുക്കുളം ചെങ്ങറ വഴി കോന്നി മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വടശേരിക്കര കുമ്പളാംപൊയ്‌ക, തലച്ചിറ, മുക്കുഴി, പുതുക്കുളം, കുമ്പഴത്തോട്ടം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കോന്നി മെഡിക്കൽ കോളേജിൽ എത്തണമെങ്കിൽ പത്തനംതിട്ട വഴി കോന്നിയിലെത്തണം. ഈ റൂട്ടിലൂടെ ബസ് സർവീസ് ആരംഭിച്ചാൽ പ്രദേശത്തെ ജനങ്ങൾക്ക് പ്രയോജനപ്രദമാകും. കുമ്പഴത്തോട്ടം, ചെങ്ങറ തുടങ്ങിയ പ്രദേശങ്ങളിൽ ഗതാഗത സൗകര്യങ്ങൾ പരിമിതവുമാണ്. റാന്നിയിൽ നിന്ന് വടശ്ശേരിക്കര, തലച്ചിറ, പുതുക്കുളം, ചെങ്ങറ വഴി കോന്നി മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് ചെങ്ങറ വികസന സമിതി ആവശ്യപ്പെട്ടു. പി എം സാമുവൽ അദ്ധ്യക്ഷത വഹിച്ചു. എബ്രഹാം ചെങ്ങറ, എം ടി ജേക്കബ് എം ടി ഈപ്പൻ എന്നിവർ സംസാരിച്ചു.