1
പടുതോട് - എഴുമറ്റൂർ ബാസ്റ്റോ റോഡിൽ പടുതോട് അമ്പലത്തിന് മുൻഭാഗത്തായി പാതയിൽ തള്ളിയിട്ടിരിക്കുന്ന മരത്തടികൾ.

മല്ലപ്പള്ളി: പാതയോരത്തെ വശങ്ങളിൽ ഇട്ടിരിക്കുന്ന തടി കഷ്ണങ്ങൾ കാൽനട യാത്രക്കാർക്കും വാഹനയാത്രികർക്കും ബുദ്ധിമുട്ടാകുന്നതായി പരാതി. പടുതോട് - എഴുമറ്റൂർ ബാസ്റ്റോ റോഡിൽ പടുതോട് അമ്പലത്തിന്റെ മുൻഭാഗത്തായി റോഡിന്റെ ഇരുവശങ്ങളിലുമായി ഒട്ടേറെ തടിക്കഷ്ണങ്ങളാണ് തള്ളിയിരിക്കുന്നത്. പലയിടത്തുനിന്നായി ഇവിടെ എത്തിച്ച് വലിയ ലോറികളിൽ കയറ്റി കൊണ്ടുപോകുന്നതിനായി തേക്കും, ആഞ്ഞിലിയും, വേങ്ങയുമാണ് പാതയോരത്തും ഓടയിലുമായി കൂട്ടിയിട്ടിരിക്കുന്നത്.ഇതുമൂലം ശക്തമായ മഴയിൽ കുത്തെടുപ്പും മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. സ്വകാര്യ ബസുകളും പതിനാലോളം സ്കൂൾ ബസുകളും നിരവധി പാറ ഉത്പന്നം കയറ്റിയ ലോറികൾ ഉൾപ്പെടെ ചെറുതും വലതുമായ വാഹനങ്ങൾ ഇതുവഴി ഇടതടവില്ലാതെ പോകുന്ന റോഡാണ്. പുറമറ്റം, മല്ലപ്പള്ളി, എഴുമറ്റൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാന പാതയാണിത്. മൂന്ന് മാസങ്ങൾക്ക് മുൻപ് മുക്കുഴിയ്ക്ക് സമീപത്തായി വലിയ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ഇരുചക്ര വാഹന യാത്രക്കാരൻ മരക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഗുരുതര പരിക്കേറ്റിരുന്നു. അപകട സാദ്ധ്യത ഒഴിവാക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

...................................

1. 5 കിലോമീറ്റർ ദൂര പരിധിയിൽ 5 ഇടങ്ങളിൽ മരത്തടികൾ

2. താലൂക്ക് വികസന സമിതിയിലും തീരുമാനമായില്ല

3. മറ്റ് വാഹനങ്ങൾക്ക് തടസമായി ക്രയിൻ ഉപയോഗിച്ച് തടി കയറ്റുന്നത് പതിവ്