bag
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പാലക്കാട്ടേക്ക് ട്രോളി ബാഗ് അയക്കുന്നു

പത്തനംതിട്ട: പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ സി.പി.എമ്മിനെ പരിഹസിച്ച് പാലക്കാട്ടേക്ക് നീല ട്രോളി ബാഗ് അയച്ചു. പത്തനംതിട്ട കെ. എസ്. ആർ. ടി. സി സ്റ്റാൻഡിൽ നിന്ന് പാലക്കാട്ടേക്കുള്ള ബസിലാണ് കൊറിയർ സർവീസായി ട്രോളി ബാഗ് അയച്ചത്. സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റി ഒാഫീസിന്റെ മേൽവിലാസമാണ് നൽകിയത്. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ച ലോഡ്ജിലേക്ക് നീല ട്രോളി ബാഗിൽ പണം എത്തിച്ചെന്ന സംശയത്തിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ബാഗിൽ പണമാണെന്ന് ആരോപിച്ച് സി.പി.എം, ബി.ജെ.പി പ്രവർത്തകർ ലോഡ്ജിന് മുന്നിൽ സംഘടിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായാണ് ബാഗ് അയച്ചത്.

യു.ഡി.എഫിനെയും രാഹുലിനെയും ആക്ഷേപിച്ച് സി പി എം നടത്തിയ ഹീന പ്രചരണത്തിനുള്ള മറുപടിയാണ് പാലക്കാട്ടെ വലിയ വിജയമെന്ന് ഉദ്ഘാടനംചെയ്ത ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. പി. കെ ഇക്ബാൽ, അജിത് മണ്ണിൽ നാസർ, തോണ്ട മണ്ണിൽ, മനോഷ് ഇലന്തൂർ, ലിനു മാത്യു മല്ലേത്ത്, കാർത്തിക് മുരിംഗമംഗലം, മാരി കണ്ണൻ, അജ്മൽ കരിം, മുഹമ്മദ് അർഫാൻ, അൻസൽ എസ് അമീർ എന്നിവർ പ്രസംഗിച്ചു.