കോഴഞ്ചേരി : ആറൻമുളയിലെ സഹകരണ എൻജിനിയറിംഗ് കോളേജ് കാമ്പസിൽ നഴ്‌സിംഗ് കോളേജ് ആരംഭിക്കുന്നു. കോ ഓപ്പറേറ്റീവ് അക്കാഡമി ഫോർ പ്രൊഫഷണൽ എഡ്യൂക്കേഷനാണ് (കേപ്പ്) നഴ്‌സിംഗ് കോളേജ് തുടങ്ങുന്നത്. 60 കുട്ടികളെ പ്രവേശിപ്പിക്കാവുന്ന നഴ്‌സിംഗ് കോളേജിന് സർക്കാർ അനുമതി ലഭിച്ചു. നഴ്‌സിംഗ് ബിരുദ പഠനത്തിന് ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷനും ലഭിച്ചതോടെ നാഷണൽ നഴ്‌സിംഗ് കൗൺസിൽ അംഗീകാരം ഇനി തേടാം. ആറൻമുള - പന്തളം റോഡിൽ ഐക്കര ജംഗ്ഷന് സമീപം കേപ്പിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എൻജിനിയറിംഗ് കോളേജ് കെട്ടിട സമുച്ചയത്തിലാണ് നഴ്‌സിംഗ് കോളേജ് തുടങ്ങുക.

അടുത്ത വർഷം ക്ലാസുകൾ തുടങ്ങും

2025 അക്കാദമിക് വർഷത്തിൽ ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം. ഇക്കൊല്ലത്തെ പ്രവേശന നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണിത്. ആലപ്പുഴ പുന്നപ്രയിൽ കേപ്പിന് നഴ്‌സിംഗ് കോളേജുണ്ട്. ലാൽ ബഹദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ് ഇതിന്റെ പ്രവേശന നടപടികൾ നടത്തുന്നത്. എൻജിനിയറിംഗ് കോഴ്‌സുകളിൽ കുട്ടികൾ കുറഞ്ഞതോടെയാണ് നഴ്സിംഗ് കോളേജ് ആരംഭിക്കാൻ കേപ്പ് തീരുമാനമെടുക്കുന്നത്. നഴ്‌സിംഗ് കോളേജിന് പിന്നാലെ മറ്റു ചില പ്രൊഫഷണൽ കോഴ്‌സുകൾ കൂടി ആറൻമുളയിൽ ആരംഭിക്കാൻ ശ്രമമുണ്ട്.

കോഴഞ്ചേരി ജില്ലാ ആശുപത്രി

ബേസ് ആശുപത്രിയാകും

നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയാണ് ക്ലിനിക്കൽ പഠനത്തിനായി നൽകുന്നത്. ബേസ് ആശുപത്രിയെന്ന നിലയിലും ഇത് പ്രവർത്തിക്കും. കുട്ടികൾക്ക് വാഹനസൗകര്യം നൽകുന്നതിനും കേപ്പ് ബസുകൾ സജ്ജമാണ്. കോളേജ് കെട്ടിടത്തിൽ ക്ലാസുകൾ നടത്താനും ലൈബ്രറി, ലാബോറട്ടറി സൗകര്യങ്ങൾ ഉണ്ടാകും.

60 കുട്ടികൾക്ക് പ്രവേശനം, ആദ്യ ബാച്ച് അടുത്ത വർഷം,

എൻജിനിയറിംഗ് കോളേജ് കെട്ടിടത്തിൽ നിന്ന്

500 മീറ്റർ അകലെ നഴ്‌സിംഗ് കോളേജ്