ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ നിയോജകമണ്ഡല വിഭജന റിപ്പോർട്ട് പ്രകാരം പുതിയ വാർഡ് വന്നപ്പോൾ അടിമുടി ആശയക്കുഴപ്പം. മഴുക്കീർ വെസ്റ്റ് എന്ന പേരിൽ പത്താം വാർഡാണ് പുതിയതായി ചേർത്തത്. വാർഡുകൾ ആകെ 14 എണ്ണമാകും. എന്നാൽ പുതിയ വാർഡിന്റെ വിഭജന റിപ്പോർട്ടിൽ വ്യാപക തെറ്റുകളുണ്ടെന്ന പരാതിയേറുകയാണ്. റിപ്പോർട്ട് പ്രകാരം പുതിയ വാർഡിൽ ഉൾക്കൊള്ളുന്ന വാസഗൃഹങ്ങളുടെ എണ്ണം 344 ആണ്. ആറ്, ഒൻപത് എന്നീ വാർഡുകളിൽ നിന്നാണ് പുതിയ വാർഡിനായി കുട്ടിചേർക്കലുകൾ നടത്തിയത്. എന്നാൽ ഈ രണ്ടു വാർഡുകളിലെ കണക്ക് പ്രകാരം ആകെ 124 വീടുകൾ മാത്രമേയുള്ളുവെന്നാണ് പഞ്ചായത്തംഗങ്ങൾ പറയുന്നത്. 220 വീടുകളുടെ കുറവാണ് റിപ്പോർട്ട് പ്രകാരമുള്ളത്. മറ്റൊരു വാർഡിലെ കുറച്ചു ഭാഗങ്ങൾ കൂടി പുതിയ വാർഡിലുണ്ടാകാനുള്ള സാദ്ധ്യത അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പുതിയ വാർഡിലെ പോളിംഗ്സ്റ്റേഷൻ പ്രദേശത്ത് നിന്ന് നാലര കിലോമീറ്റർ മാറിയാണെന്നും, രണ്ടു കോളനികൾ ഒരു വാർഡിൽ കൂട്ടിച്ചേർത്തതുവഴി തൊഴിലുറപ്പിനെ അടക്കം ആശ്രയിക്കുന്നവർക്ക് തിരിച്ചടിയായെന്നും പരാതിയുണ്ട്. വിഷയത്തിൽ പ്രാവിൽക്കൂട് ലക്ഷംവീട് കല്ലുപറമ്പ് കോളനി നിവാസികൾ ജില്ലാ കളക്ടർക്ക് പരാതി നൽകി. അതിരുകൾ നിർണയിച്ചതിൽ വീഴ്‌ചയുണ്ടായിട്ടുണ്ടെന്നും, പ്രശ്ന‌പരിഹാരത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നു. അശാസ്ത്രീയമായി തട്ടിക്കൂടിയ വാർഡ് വിഭജന റിപ്പോർട്ടിന്മേൽ പരാതി നൽകുമെന്ന് വിവിധ രാഷ്ട്രീയ പ്രതിനിധികളും വ്യക്തമാക്കി.

.........................

തെറ്റായ രീതിയിലാണ് വാർഡ് വിഭജിച്ചിരിക്കുന്നത് , പരാതികൾ കൊടുത്തിട്ടുണ്ട്. മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു.

തോമസുകുട്ടി

(സ്ഥലവാസി)

....................