കോഴഞ്ചേരി : നിർമ്മാണം പൂർത്തിയായിട്ട് ഒന്നരമാസം കഴിഞ്ഞു. ഉദ്ഘാടനം നടത്താനായി മന്ത്രിയുടെ വരവും കാത്തിരിക്കുകയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും നിവർത്തന പ്രക്ഷോഭ നായകനും തിരുകൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവന്റെ കോഴഞ്ചേരി ടൗണിലെ സ്മാരകം.
നവീകരിച്ച വെങ്കല പ്രതിമ സ്മാരക സ്‌ക്വയറിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്രതിമ സംരക്ഷിക്കുന്നതിനുള്ള മേൽക്കൂരയും പണിതിട്ടുണ്ട്. ചുറ്റുമതിലും നിർമ്മിച്ചു. അലങ്കാരത്തിനായി ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇനി പ്രതിമ അനാച്ഛാദനം ചെയ്ത് ഉദ്ഘാടനം നടത്തിയാൽ മാത്രം മതി.
നിർമ്മാണം ആരംഭിച്ചത് കഴിഞ്ഞ വർഷം
മന്ത്രി വീണാജോർജിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വകയിരുത്തി 2023 മാർച്ചിലാണ് സി.കേശവൻ സ്‌ക്വയറിന്റെ നവീകരണം തുടങ്ങിയത്. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി തയാറാക്കിയ പദ്ധതിയാണിത്. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിനാണ് മേൽനോട്ട ചുമതല.
ചരിത്രപ്രസിദ്ധമായ പ്രസംഗം
1935 മേയ് 11ന് അന്നത്തെ ദിവാൻ സർ സി.പിക്കെതിരെ സി.കേശവൻ കോഴഞ്ചേരിയിൽ നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. ആരാധനാ സ്വാതന്ത്ര്യവും വോട്ടവകാശവും സർക്കാർ ജോലിയും ഈഴവർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിഷേധിച്ചതിനെതിരെയാണ് കോഴഞ്ചേരി പ്രസംഗത്തിലൂടെ സി.കേശവൻ ആഞ്ഞടിച്ചത്. ദിവാനെതിരെ ശബ്ദം ഉയർത്തിയതിന് അദ്ദേഹത്തെ ജയിലിലടച്ചു.