
ശബരിമല : പതിനെട്ടാംപടി കയറിയെത്തുന്ന തീർത്ഥാടകർക്ക് ഫ്ലൈ ഓവർ കയറുകയോ ക്യൂ നിൽക്കുകയോ ചെയ്യാതെ നേരിട്ട് ദർശനം സാദ്ധ്യമാക്കണമെന്നാണ് ദേവസ്വം ബോർഡ് ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. കൊടിമരച്ചുവട്ടിൽ നിന്നും കിഴക്കേഗോപുര നടയിലൂടെ നേരിട്ട് സോപാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടണം. ഇത് തന്ത്രിയുമായും സർക്കാരുമായും കോടതിയുമായും ആലോചിച്ച് നടപ്പിലാക്കേണ്ട കാര്യമാണ്. ഇതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലകാല തീർത്ഥാടനത്തിന് ശബരിമലയിൽ എത്തി മടങ്ങുന്നവരിൽ നിന്ന് ദർശനവും മറ്റ് സൗകര്യങ്ങളും സംബന്ധിച്ച് സംതൃപ്തമായ പ്രതികരണമാണ് ലഭിക്കുന്നത്. ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെ നേതൃത്വത്തിലുള്ള ഇരുപതിലേറെ ഡിപ്പാർട്ട്‌മെന്റുകളുടെയും ഒന്നിച്ചുള്ള പ്രവർത്തനമാണ് ഇതിന് പിന്നിൽ. പാർക്കിംഗ്, അടിസ്ഥാന സൗകര്യം, ശുദ്ധജലം, ലഘുഭക്ഷണം, പ്രസാദം, വഴിപാടുകൾ, അന്നദാനം എന്നിവയിലെല്ലാം കൂടുതൽ മുൻകരുതലുകൾ എടുക്കുവാൻ കഴിഞ്ഞത് നേട്ടമായി. പൊലീസ് ശക്തവും സുരക്ഷിതവുമായ തീർത്ഥാടക നിയന്ത്രണ സംവിധാനമാണ് നടപ്പാക്കുന്നത്.
പമ്പയിൽ ഒരുക്കിയ ജർമ്മൻ പന്തലും നടപ്പന്തലുകളും സന്നിധാനത്തെ പന്തലുകളും തീർത്ഥാടകർക്ക് ഏറെ ആശ്വാസകരമായി. വൃശ്ചികം ഒന്നായപ്പോഴേക്കും അരവണയുടെ കരുതൽ ശേഖരം 40 ലക്ഷത്തിലേക്ക് എത്തിക്കാൻ സാധിച്ചു. അപ്പവും അരവണയും യഥേഷ്ടം നൽകുന്നതിന് ഇത് സഹായകരമായി. സന്നിധാനത്ത് എത്തുന്ന എല്ലാവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മൂന്ന് നേരവും യഥേഷ്ടം അന്നദാനം നൽകുന്നുണ്ട്. പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് ആചാരമല്ലെന്നും ഇരുമുടികെട്ടിൽ പ്ലാസ്റ്റിക് കൊണ്ടുവരുന്നത് ഉപേക്ഷിക്കണമെന്നും പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.