a

ഒരുമിച്ച് സ്നേഹിച്ചും കലഹിച്ചും നടന്ന നാലു സുഹൃത്തുക്കളിൽ ഒരാൾ ജീവനൊടുക്കിയതിന് കാരണമായത് മറ്റു മൂന്ന് പേർ. പത്തനംതിട്ട ചുട്ടിപ്പാറ എസ്.എം.ഇ നഴ്സിംഗ് കോളേജിലെ അമ്മു എ. സജീവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി റിമാൻഡിലായത് ഉറ്റ സുഹൃത്തുക്കളായിരുന്ന പത്തനാപുരം കുണ്ടയം സ്വദേശി അലീന, ചങ്ങനാശേരി സ്വദേശി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന എന്നിവരാണ്.

ഈ മാസം 15ന് വെട്ടിപ്രത്തുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് തിരുവനന്തപുരം പോത്തൻകോട് സ്വദേശി അമ്മു എ. സജീവ് വീഴുന്നത്. പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ നിന്ന് പ്രാഥമിക ശുശ്രൂഷ നൽകി ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം. ഐ.സി.യു സംവിധാനമുള്ള ആംബുലൻസിൽ കൊണ്ടുപോകണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റിട്ട. നഴ്‌സിംഗ് സൂപ്രണ്ടായ മാതാവ് രാധാമണിയും തിരുവനന്തപുരം കോസ്‌മോപൊളിറ്റൻ ആശുപത്രിക്ക് സമീപം അമ്മൂസ് സർജിക്കൽസ് ആൻഡ് മെഡിക്കൽസ് എന്ന സ്ഥാപനം നടത്തുന്ന പിതാവ് സജീവും ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ ഗൗനിച്ചില്ല. ഇടുപ്പിനും കാലിനും തുടയെല്ലിനും മാത്രമേ കാര്യമായ തകരാറുള്ളൂ എന്നായിരുന്നു പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതരുടെ വിശദീകരണം. ഒരു പക്ഷെ കൂടുതൽ പരിശോധന നടത്തി ഐ.സി.യു ആംബുലൻസ് പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ അമ്മു ഇപ്പോഴും ജീവനോടെയുണ്ടാകുമായിരുന്നു.

ദുരൂഹതയൊഴിയാതെ

സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അമ്മു അച്ഛനെയും ചെന്നൈയിൽ അഭിഭാഷകനായ സഹോദരൻ അഖിലിനെയും വിളിച്ച് സന്തോഷത്തോടെ സംസാരിച്ചിരുന്നു. അസ്വാഭാവികമായ ഒന്നും ആ സമയം ഇരുവർക്കും തോന്നിയതുമില്ല. അതിനുശേഷം സംഭവിച്ച കാര്യങ്ങൾ ഇപ്പോഴും ദുരൂഹമായി തന്നെ തുടരുകയാണ്.

മൂന്നാം നിലയിൽ നിന്ന് വീണ അമ്മുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ബന്ധുവായ ഒരാൾ പറഞ്ഞിട്ടാണ് തിരുവനന്തപുരത്തേക്ക് മാറ്റാൻ നിർദ്ദേശം നൽകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ തൊട്ടടുത്തുള്ള കോട്ടയത്ത് ബന്ധുക്കൾ ഉണ്ടായിരുന്നുവെന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയാൽ മതിയായിരുന്നുവെന്നുമാണ് കുടുംബം പറഞ്ഞത്. ഇങ്ങനൊരു നിർദ്ദേശം വച്ച ബന്ധു ആരാണെന്നതിൽ കുടുംബത്തിനും വ്യക്തതയില്ല.

ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്ക് വിഭാഗത്തിൽ അമ്മു പ്രാക്ടീസിനു പോയിരുന്നു. അവിടെവച്ചുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് മൂന്ന് സഹപാഠികളുമായി അമ്മു അകന്നത്. അതിനുശേഷം രാത്രിയിൽ ഉറങ്ങി കിടക്കുമ്പോൾ ഇവർ അമ്മുവിനെ കതകിൽ തട്ടി വിളിക്കുകയും മറ്റ് സഹപാഠികളുടെ ബുക്ക് കാണാതാകുമ്പോൾ ബാഗിൽ നിരന്തരം പരിശോധന നടത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഇതിനു പുറമേ സഹപാഠികളിൽ ഒരാളുടെ പണം നഷ്ടപ്പെട്ട സംഭവത്തിലും അമ്മുവിനെ പ്രതിയാക്കാൻ നോക്കിയിരുന്നു. ഇത് മാനസികമായി അമ്മുവിനെ തളർത്തി. ശല്യം സഹിക്കാനാവാതെ രണ്ടാം നിലയിൽ നിന്ന് താഴത്തെ നിലയിലേക്ക് അമ്മു മാറി താമസിച്ചു.

കൂട്ടുകാരിൽ നിന്നുള്ള ഉപദ്രവം അമ്മു കുടുംബത്തോട് തുറന്ന് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കോളേജ് പ്രിൻസിപ്പലിന് പിതാവ് പരാതി നൽകിയിരുന്നു. തുടർന്ന് പ്രിൻസിപ്പാൾ സഹപാഠികൾക്ക് മെമ്മോ നൽകി. അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു. മറ്റ് നടപടികളൊന്നുമുണ്ടായില്ല. മെമ്മോ കിട്ടിയതിന്റെ ദേഷ്യം ഏത് രീതിയിലാണ് മൂവരും അമ്മുവിനോട് കാട്ടിയതെന്ന് വ്യക്തമല്ല.

പ്രിൻസിപ്പാളിന് പരാതി നൽകിയ അമ്മുവിന്റെ അച്ഛൻ സജീവിനോട് കോളേജിലെത്താൻ അധികൃതർ പറഞ്ഞെങ്കിലും അസൗകര്യം കാരണം മറ്റൊരു ദിവസത്തേക്ക് വരവ് മാറ്റി വച്ചു. ശേഷം അമ്മുവിന്റെ അപകടവും മരണ വാർത്തയുമാണ് കുടുംബം അറിയുന്നത്. അമ്മുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കൾ മറ്റ് സഹപാഠികളെ അനുവദിച്ചില്ല.

ക്യാമ്പസിൽ ചോര മണക്കുമ്പോൾ

ക്യാമ്പസ് രാഷ്ട്രീയത്തിൽ ജീവൻ നഷ്ടപ്പെട്ട നിരവധി വി‌ദ്യാർത്ഥികളുടെ ഉദാഹരണങ്ങൾ നമുക്ക് മുമ്പിലുണ്ട്. പക്ഷെ പുരോഗമന സമൂഹത്തിൽ മാനസിക സമ്മർദ്ദവും ഉപദ്രവവും കാരണം സ്വയം ജീവൻ നഷ്ടപ്പെടുത്തേണ്ട ഗതികേടിലേക്ക് ഒരു വിദ്യാർത്ഥിനിയെത്തി. മൈഗ്രേയിൻ അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയിരുന്ന അമ്മുവിന്റെ മാനസിക സ്ഥിതി തിരിച്ചറിയാൻ കോളേജ് അധികൃതർക്കോ സഹപാഠികൾക്കോ കഴിഞ്ഞില്ല. കേരള മനഃസാക്ഷിയെ പിടിച്ചുലച്ച പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന്റെ ഞെട്ടൽ മായും മുമ്പേയാണ് പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെയും മരണം. രണ്ട് മരണത്തിലും പുറത്തുവരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കോളേജ് അധികൃതർ സംഭവം കൂടുതൽ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്നത് വ്യക്തമാണ്. ക്യാമ്പസിലെത്തുന്ന വിദ്യാർത്ഥികൾക്ക് പഠിക്കാനും ജീവിക്കാനും പ്രതികരിക്കാനുമുള്ള അവസരം ഒരുക്കേണ്ടത് കോളേജ് അധികൃതരാണ്. വീട്ടിൽ നിന്ന് ആദ്യമായി മാറി നിൽക്കുന്ന കുട്ടികൾ ആ സാഹചര്യത്തിൽ എങ്ങനെ കാണുന്നുവെന്ന് രക്ഷിതാക്കളും അറിയണം. ഇരുപത്തിരണ്ടാം വയസിൽ 'ഐ ക്വിറ്റ്' എന്നെഴുതി അമ്മു ജീവനൊടുക്കിയപ്പോൾ ക്രൂരമായ സമീപനത്താൽ അതേ പ്രായത്തിലുള്ള മൂന്ന് പെൺകുട്ടികൾ അഴിക്കുള്ളിലേക്കും പോയി. നഷ്ടപ്പെട്ടത് ഒരു ജീവനും മൂന്ന് ജീവിതങ്ങളുമാണെന്നതാണ് സത്യം.