
പ്രമാടം : പ്രമാടം പാതിരുവേലിൽപടി - മഹാദേവർ ക്ഷേത്രം റോഡരികിലെ വീട്ടുകാർ മഴയെ ഭയക്കുകയാണ്. മഴ പെയ്താൽ റോഡിന് സമീപത്തെ വീടുകളിൽ വെള്ളം കയറുന്നതാണ് കാരണം. ഓടയില്ലാത്തതിനാൽ വെള്ളം കെട്ടിനിൽക്കും. കാൽ നൂറ്റാണ്ട് മുമ്പ് മണ്ണിട്ട് ഉയർത്തി റോഡ് പുനർ നിർമ്മിച്ചപ്പോൾ ഓട പണിതിരുന്നെങ്കിലും ക്രമേണ നികന്നു. മണ്ണുമൂടിയ ഓടയിൽ കാടും വളർന്നു. അമ്പല ഭാഗത്ത് നിന്ന് ഇറക്കമായിനാൽ മഴ വെള്ളം കുത്തിയൊലിച്ചെത്തും. സമീപത്തെ വീടുകളിലേക്കാണ് വെള്ളം ഒഴുകിയിറങ്ങുന്നത്. ആഴമുള്ള ഓടയായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. ഓടയിലൂടെ എത്തുന്ന വെള്ളം സമീപത്തെ തോട്ടിൽ എത്തിയ ശേഷം അച്ചൻകോവിലാറ്റിൽ ചേരുമായിരുന്നു. വെള്ളക്കെട്ട് കാരണം റോഡും തകർച്ച നേരിടുന്നുണ്ട്. ഓട പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. പ്രമാടം ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിലാണ് ഇൗ ഗതികേട്.
ഇരപ്പുകുഴി - പ്രമാടം മഹാദേവർ ക്ഷേത്രം - വള്ളിക്കോട് ചള്ളംവേലിപ്പടി റോഡിലെ അമ്പല ജംഗ്ഷൻ ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിരവധി വാഹനങ്ങളാണ് ഇപ്പോൾ ഇതുവഴി കടന്നുപോകുന്നത്. വർഷങ്ങൾക്ക് മുമ്പ് റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ചില രാഷ്ട്രീയ എതിർപ്പുകളെ തുടർന്ന് ടെൻഡർ ചെയ്യാൻ സാധിച്ചില്ല. ഓടയിൽ മണ്ണ് മൂടി കാട് വളർന്നതുകാരണം ഇഴജന്തുശല്യവുമുണ്ട്.
............................
ജനപ്രതിനിധികളും പഞ്ചായത്തും അനാസ്ഥ അവസാനിപ്പിച്ച് ഓട പുനസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. മഴ സമയങ്ങളിൽ വീട്ടുമുറ്റത്ത് വലിയ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.
വരദരാജൻ, മണപ്പള്ളിൽ (പ്രദേശവാസി)