 
മല്ലപ്പള്ളി : മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ വിവിധ രാഷ്ട്രീയ സംഘടനകളുടെ ഫ്ലക്സ് ബോർഡുകൾ കവാടത്തിൽ വച്ചിരിക്കുന്നത് ദുരിതമാകുന്നു. താലൂക്കിലെ പ്രധാന ഓഫീസുകൾ പ്രവർത്തിക്കുന്ന മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ പ്രവേശന കവാടം മുതൽ മൂന്നാം നില വരെയും ഫ്ലക്സും വിവിധ സംഘടനകളുടെ പോസ്റ്ററും കൊണ്ട് ഓഫീസുകൾ ഏതെന്ന് തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. പടിക്കെട്ടുകളുടെ അടിഭാഗം മുൻപ് സ്ഥാപിച്ചിരുന്ന ഫ്ലക്സുകളും, ആക്രി സാധനങ്ങളുടെ ശേഖരവുമായി മാറിയിരിക്കുകയാണ്. ഇവിടെ ഇഴജന്തുക്കളുടെ താവളമാക്കുവാനുള്ള സാദ്ധ്യത ഏറെയാണ്. സബ് രജിസ്ട്രാർ ഓഫീസിനോട് ചേർന്നുള്ള പടിക്കെട്ടുകൾക്കടിയിൽ തടിയിലും പൈപ്പിലും നിർമ്മിച്ച കസേരകളും ഉപയോഗശൂന്യമായ ഫർണീച്ചറുകളും ഉപേക്ഷിച്ചിട്ടുണ്ട്. രണ്ടാം നിലയുടെ പ്രവേശന കവാടത്തിലും ആക്രി സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. മിനി സിവിൽ സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ ഇരുവശങ്ങളിലുമായി പരസ്യം പതിക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടെങ്കിലും യൂണിയനുകളുടെ പ്രചാരണത്തിനായി സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകൾക്കോ, ഫ്ലക്സുകൾക്കോ ഇവ ബാധകമല്ലെന്നത് മാത്രമല്ല പ്രചരണ സാമഗ്രികൾ എളുപ്പമാർഗത്തിൽ ഉപേക്ഷിക്കുവാൻ സ്ഥലം കണ്ടെത്തുന്നത് പടിക്കെട്ടുകൾ അടിയിലുമാണ്.
..................................
പതിമൂന്നിലേറെ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവ ഏതൊക്കെ നിലകളിലാണെന്ന് പ്രവേശന കവാടത്തിൽ ബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ തയാറാകുന്നില്ല. പടിക്കെട്ടുകൾക്ക് സമീപത്തെ ചുമരിലെ ബോർഡുകൾ ഫ്ലക്സ് കൊണ്ട് മൂടപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനം ദുരിതത്തിലാണ്. ഇവിടെ തെരുവുനായ്ക്കളുടെ ശല്യവുമുണ്ട്.
സന്തോഷ്
(പ്രദേശവാസി)
കെട്ടിടം സ്ഥാപിച്ചിട്ട് 17 വർഷം
...................................
13 ഓഫീസുകൾ പ്രവർത്തിക്കുന്നു
....................................
ലിഫ്റ്റ് എന്നത് സ്വപ്നം