oottupura
അയ്യപ്പന്മാർക്ക് വിശ്രമിക്കുവാനായി തുറന്നു കൊടുക്കുന്ന ഊട്ടുപുരയും പരിസരവും

അടൂർ : തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യം പോലുമില്ലാതെ അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം.

തീർത്ഥാടകർക്ക് വിശ്രമിക്കാൻ തുറന്നുകൊടുക്കുന്ന ഊട്ടുപുരയുടെ പരിസരത്തെ പുല്ല് വെട്ടിമാറ്റിയത് മാത്രമാണ് ഇത്തവണ ഇടത്താവളത്തിന് വേണ്ടി നടത്തിയ ഒരുക്കം. തീർത്ഥാടകർക്ക് ഭക്ഷണം നൽകാനുള്ള സജ്ജീകരണങ്ങളില്ല. ഒരു ടോയ്ലറ്റ് മാത്രമാണുള്ളത്. സൗകര്യങ്ങളില്ലാത്തതിനാൽ ശബരിമല തീർത്ഥാടകർ മുൻ വർഷങ്ങളിലെ പോലെ ഇവിടേക്ക് എത്തുന്നില്ല.

തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള തീർത്ഥാടകർ എത്തിത്തുടങ്ങിയാൽ പാർത്ഥസാരഥി ക്ഷേത്രത്തിൽ തിരക്കേറും. അപ്പോഴേക്കും ഭഷണം നൽകാനും വിരിവയ്ക്കാനും ടോയ്ലറ്റ് ഉപയോഗിക്കാനും മറ്റും സൗകര്യം ഒരുക്കണമെന്നാണ് ഭക്തരുടെ ആവശ്യം.

പത്തനംതിട്ട ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നാണ് അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിലേത്. തെക്കുഭാഗത്ത് നിന്ന് എം.സി. റോഡിൽ കൂടിയും പടിഞ്ഞാറ് ഭാഗത്ത് നിന്ന് കെ.പി റോഡിൽ കൂടിയും വരുന്ന അയ്യപ്പന്മാരിൽ ഭൂരിഭാഗവും അടൂരിലെത്തിയാണ് ശബരിമലയിലേക്ക് പോകുന്നത്. ഇടത്താവളത്തിലെ പോരായ്മകൾ പരിഹരിക്കാൻ ദേവസ്വംബോർഡ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

--------------------------------

ശബരിമല തീർത്ഥാടകർ ധാരാളമായി എത്തിത്തുടങ്ങിയാൽ അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ക്ഷേത്ര ഉപദേശക സമിതി പരമാവധി ശ്രമിക്കും.

അഡ്വ. സി .പ്രദീപ്‌ കുമാർ

അടൂർ പാർത്ഥസാരഥി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്