vedi
തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്‌കൂളിലെ പ്രധാനവേദി ഒരുങ്ങിയപ്പോൾ

തിരുവല്ല : റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരുമൂലപുരത്ത് തിരിതെളിയും. 29 വരെ നാല് പകലിരവുകൾ കലയിൽ നിറയും. സംസ്കൃതോത്സവവും അറബി സാഹിത്യോത്സവവും ഇതോടൊപ്പം നടക്കും. പ്രധാനവേദിയായ തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്‌കൂളിൽ ഇന്ന് രാവിലെ 9ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അനിലാ.ബി.ആർ പതാക ഉയർത്തും. 10ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സിനിമാതാരവും കോമഡി സ്റ്റാർ കലാകാരനുമായ ഉല്ലാസ് പന്തളം കലാമേളകളുടെ ഉദ്ഘാടനം നിർവഹിക്കും. കെ.യു.ജനീഷ് കുമാർ എം.എൽ.എ ലോഗോ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, നഗരസഭാദ്ധ്യക്ഷ അനു ജോർജ്, ജില്ലാകളക്ടർ എസ്.പ്രേംകൃഷ്ണൻ, റിസപ്ഷൻ കമ്മിറ്റി കൺവീനർ സജി അലക്സാണ്ടർ എന്നിവർ സംസാരിക്കും. 29ന് വൈകിട്ട് 6.30ന് സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാർ സമ്മാനദാനം നിർവഹിക്കും. തിരുമൂലപുരത്ത് ഒടുവിൽ കലോത്സവം നടന്നത് 2022ലാണ്.

വേദികൾ ഒരുങ്ങുന്നത് :

തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്‌കൂൾ, ഇരുവള്ളിപ്ര സെന്റ് തോമസ് സ്‌കൂൾ, ബാലികാമഠം സ്‌കൂൾ, തിരുമൂലവിലാസം, എം.ഡി.എം സ്‌കൂൾ എന്നിവിടങ്ങളിൽ.

11 ഉപജില്ലകൾ, 5153 പ്രതിഭകൾ, 303 മത്സര ഇനങ്ങൾ, 232 സ്‌കൂളിലെ 1,888 ആൺകുട്ടികളുടെയും 3,265 പെൺകുട്ടികളുടെയും പങ്കാളിത്വം

മംഗലംകളി, പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുളനൃത്തം, പളിയനൃത്തം എന്നീ ഗോത്രകലകൾ ഈ വർഷത്തെ പ്രത്യേകത.

പാലുകാച്ചി പാചകശാലയിൽ

തിരുവല്ല : കലോത്സവത്തിന്റെ ഭക്ഷണശാല പാലുകാച്ചി പ്രവർത്തനം തുടങ്ങി. പ്രധാന വേദിക്ക് സമീപം ടി.ഡി.എം കൺവെൻഷൻ ഹാളിലാണ് ഇനി നാലുനാൾ കൊച്ചു കലാകാരൻമാർക്ക് സദ്യ വിളമ്പുന്നത്. നഗരസഭ ചെയർപേഴ്സൺ അനുജോർജ് പാലുകാച്ചൽ നിർവഹിച്ചു. ഭക്ഷണക്കമ്മിറ്റി ചെയർമാൻ സജി എം.മാത്യു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ലിജു എം.സക്കറിയ, ഡി.ഇ.ഒ എസ്.ഷൈനി, എ.ഇ.ഒ, വി.കെ.മിനികുമാരി, കൺവീനർ എസ്.പ്രേം, വൈസ് ചെയർമാൻമാരായ ഫിലിപ്പ് ജോർജ്, വി.ജി.കിഷോർ, സി.കെ.ചന്ദ്രൻ, കൺവീനർമാരായ ടി.എം.അൻവർ, ഷിബു ചെപ്പള്ളിൽ, അജിത് ഏബ്രഹാം,ജോൺജോയി, ഹാഷിം. ടി.എച്ച്,റഹ്‌മത്തുള്ളഖാൻ, ജോസ് മത്തായി, മുഹമ്മദ് അക്ബർ എന്നിവർ പ്രസംഗിച്ചു.

ജില്ലയ്ക്കകത്തും പുറത്തും സ്കൂൾ കലോത്സവങ്ങൾക്കും മേളകൾക്കും സദ്യവട്ടം ഒരുക്കിയിട്ടുള്ള ഓമല്ലൂർ അനിൽ ബ്രദേഴ്സ് ആണ് ഭക്ഷണച്ചുമതല ഏറ്റെടുത്തിട്ടുള്ളത്. കെ.പി.എസ്.ടി.എയാണ് മേൽനോട്ടം വഹിക്കുന്നത്.