പത്തനംതിട്ട: ചുട്ടിപ്പാറ എസ്.എം .ഇ നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളെ ഈ മാസം 27വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്തനംതിട്ട ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് നടപടി. ഇവരുമായി കോളേജിലും ഹോസ്റ്റലിലും പൊലീസ് തെളിവെടുപ്പ് നടത്തും. ഇവരുടെ വീടുകളിലും പരിശോധന നടത്തിയേക്കും.
അറസ്റ്റിലായവർക്കു പുറമേ, മറ്റുചില സഹപാഠികളും അമ്മുവിനെ ഉപദ്രവിച്ചതായി കുടുംബാംഗങ്ങൾ മൊഴിനൽകിയിട്ടുണ്ട്. അവരെയും അറസ്റ്റുചെയ്യണമെന്നാണ് ആവശ്യം.
അറസ്റ്റിലായവരെ ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതലഭിക്കുവെന്ന് പൊലീസ് പറഞ്ഞു. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന, ചങ്ങനാശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റുചെയ്യണമെന്നും കോളേജ് അധികൃതരുടെ വീഴ്ച അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എ.ബി.വി.പി ഇന്നലെ ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് നടത്തി.