ഓമല്ലൂർ : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ ഉത്രസദ്യ. വൃശ്ചികമാസത്തിലെ അയ്യപ്പന്റെ ജൻമനക്ഷത്രമായ ഉത്രം നാൾ സദ്യയുണ്ണാൻ ക്ഷേത്രത്തിൽ ആയിരങ്ങളെത്തി. പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് ആനയൂട്ട് നടന്നു. ചടങ്ങിന് നേതൃത്വം നൽകിയ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന പൂജാരി സുബ്രഹ്മണ്യ അഡികയെ മേൽശാന്തി രാജേഷ് ജെ .പോറ്റി പൂർണകുഭം നൽകി സ്വീകരിച്ചു. ശരണമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ 11 മണിക്ക് ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജിത് കുമാർ ഭദ്രദീപം തെളിച്ച് ഉത്രസദ്യക്ക് തുടക്കംകുറിച്ചു. മേൽശാന്തി നിലവിളക്കിന് മുമ്പിൽ ഇലയിട്ട് ഭഗവാന് സദ്യ ഒരുക്കി. തുടർന്ന് ഭക്തർക്കായി പിറന്നാൾ സദ്യ വിളമ്പി. രാവിലെ 11 ന് ആരംഭിച്ച സദ്യ വൈകിട്ട് നാല് വരെ നീണ്ടു. 120 പറ അരിയുടെ സദ്യയാണ് ഒരുക്കിയത്. പതിനായിരത്തിലധികം ഭക്തർ ഭഗവൽ പ്രസാദം സ്വീകരിച്ചതായി ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു. വൈകിട്ട് രക്തകണ്ഠ നാരായണ സമിതിയുടെ നേതൃത്വത്തിൽ നാരായണീയ ജപം നടന്നു. തുടർന്ന് രക്തകണ്ഠ മാതൃസമിതിയുടെ നേതൃത്വത്തിൽ നീരാഞ്ജന പൂജയും ആറന്മുള ഹരികൃഷ്ണന്റെ സോപാന സംഗീതവും നടന്നു. ഏഴുമണിക്ക് നടന്ന വിശേഷാൽ ദീപാരാധനയ്ക്കും പുഷ്പാഭിഷേകത്തിനും ശേഷം തിരുവാഭരണ പേടക വാഹക സംഘം കുളത്തിനാൽ ഗംഗാധരൻ പിള്ളയും സംഘവും നായാട്ടു വിളിയോടെ ആഴിപ്പടുക്കയും നടത്തി.