
ശബരിമല : നിത്യേന ആയിരക്കണക്കിന് തീർത്ഥാടകർക്ക് അന്നമൊരുക്കുന്ന ശബരിമലയിലെ ഭക്ഷണശാല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്നാണ്. മാളികപ്പുറം ക്ഷേത്രത്തിന്റെ പിൻഭാഗത്തായുള്ള ദേവസ്വം അന്നദാന മണ്ഡപത്തിന്റെ പ്രവർത്തനങ്ങൾ രാവിലെ ആറുമണി മുതൽ ആരംഭിക്കും. ഇവിടെ 11വരെ പ്രഭാത ഭക്ഷണം ലഭിക്കും. ഉപ്പുമാവ്, കടല, കിഴങ്ങ് കറി, ചുക്ക് കാപ്പി, ചൂടു വെള്ളം എന്നിവയാണ് നൽകുന്നത്.
ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ പുലാവ്, സാലഡ്, കറി, അച്ചാർ എന്നിവ ഉൾപ്പെടുത്തിയാണ് ഉച്ചഭക്ഷണം. വൈകിട്ട് 6.30 മുതൽ ഭക്തരുടെ തിരക്ക് അവസാനിക്കുന്നത് വരെയാണ് അത്താഴം വിളമ്പുന്നത്. കഞ്ഞിയും പയറുമാണ് ഈ സമയം കൂടുതലായി നൽകുന്നത്. ഒരേസമയം 5000 പേർക്ക് ഇരിക്കാൻ പറ്റുന്ന സൗകര്യമുണ്ടെങ്കിലും തിരക്ക് കുറവായതിനാൽ 1000പേർക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ഊട്ടുപുര ഒരുക്കിയിട്ടുള്ളത്. ഭക്തജനത്തിരക്ക് കൂടുന്നതനുസരിച്ച് 2500 പേരെ ഉൾക്കൊള്ളാവുന്ന വിധത്തിൽ ക്രമീകരിക്കാൻ കഴിയും. ഭക്ഷണ അവശിഷ്ടങ്ങൾ പവിത്രം ശബരിമലയുടെ വോളന്റീയർമാർ ഇൻസിനറേറ്ററിൽ എത്തിച്ചാണ് സംസ്കരിക്കുന്നത്. 50 സ്ഥിരം സ്റ്റാഫുകളും 200 ദിവസവേതനക്കാരും ചേർന്ന് ഭക്ഷണം ഒരുക്കുന്നു. ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ നിന്ന് 21.55 കോടി രൂപ ചെലവഴിച്ചാണ് അന്നദാന മണ്ഡപം നിർമ്മിച്ചത്.