
പത്തനംതിട്ട: ഭാര്യയെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് മക്കളുമായി കടന്നു. മൈലപ്ര കോട്ടമലയിൽ ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. കോട്ടമല ഓലിക്കൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ആങ്ങമൂഴി സ്വദേശി അശ്വതി (28)ക്കാണ് വെട്ടേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് തിരുവനന്തപുരം സ്വദേശി വിവിലിനായി (30) പൊലീസ്
തെരച്ചിൽ തുടങ്ങി. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലിസ് പറഞ്ഞു.
വർഷങ്ങളായി തിരുവനന്തപുരത്തായിരുന്നു അശ്വതിയും വിവിലും താമസിച്ചിരുന്നത്. മദ്യപിച്ച് ഉപദ്രവിക്കുന്നുവെന്ന കാരണത്താൽ പത്തു മാസം മുൻപ് അശ്വതി മക്കളെയും അമ്മയെയും കൂട്ടി
മൈലപ്രയിൽ വാടകയ്ക്കുതാമസിക്കുകയായിരുന്നു. രണ്ടുമാസത്തിനുശേഷം വിവിൽ ബന്ധുക്കളുമായി എത്തി കുടുംബപ്രശ്നം പറഞ്ഞുതീർത്തു. പിന്നീട് ഇരുവരും ഒന്നിച്ചായിരുന്നു താമസം. ഒന്നരയാഴ്ച മുമ്പ് ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച മദ്യപിച്ചശേഷം വീട്ടിലെത്തിയ വിവിൽ വീടിന്റെ ജനലും കതകും തല്ലിത്തകർക്കാൻ ശ്രമിച്ചു. തുടർന്ന് അശ്വതി പത്തനംതിട്ട വനിതാ സെല്ലിൽ പരാതി നൽകി. ഇരുവരെയും ഇന്നലെ രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. രാവിലെ വിവിൽ എത്തി സംസാരിക്കാനുണ്ടെന്നു പറഞ്ഞ് അശ്വതിയെ മുറിയിലേക്ക് വിളിച്ച് വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. തലയ്ക്കും കൈയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. എട്ടും മൂന്നും വയസുള്ള കുട്ടികളുമായാണ് വിവിൽ മുങ്ങിയത്.