കോന്നി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഇടത്താവളമായ കോന്നി മുരിങ്ങമംഗലം മഹാദേവക്ഷേത്രത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ല. ഹൈമാസ്റ്റ് ലൈറ്റും സഞ്ചായത്ത് കടവ് പാലത്തിലെ ലൈറ്റുകളും പ്രകാശിക്കുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് വിശ്രമ കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. ക്ഷേത്ര മൈതാനത്ത് ജില്ലാ പഞ്ചായത്തിന്റെയും ദേവസ്വം ബോർഡിന്റെയും ശുചിമുറികളുമുണ്ട്. ക്ഷേത്ര പരിസരത്തെ കാടുകൾ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തെളിച്ചിരുന്നു. തീർത്ഥാടകർ കുളിക്കുന്ന സഞ്ചായത്ത് കടവിൽ സുരക്ഷയ്ക്കായി രണ്ട് ലൈഫ് ഗാർഡുകളെയും ഗ്രാമപഞ്ചായത്ത് നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ ശബരിമലയോട് ചേർന്നുകിടക്കുന്ന പഞ്ചായത്തുകൾക്ക് പ്രത്യേക ധനസഹായം അനുവദിച്ചപ്പോൾ കോന്നി പഞ്ചായത്തിനെയും ഉൾപ്പെടുത്തിയത് ഇൗ ഇടത്താവളം കൂടി പരിഗണിച്ചാണ്. ശബരിമല മുന്നൊരുക്കങ്ങൾക്കായി കോന്നി പഞ്ചായത്തിന് അഞ്ച് ലക്ഷം രൂപ പ്രത്യേക ഗ്രാന്റ് നൽകുന്നുണ്ട്. മണ്ഡല മകരവിളക്ക് കാലത്ത് കാൽനടയായും വാഹനത്തിലും ശബരിമലയിലേക്ക് പോകുന്ന തീർഥാടകരിൽ നല്ലൊരു പങ്ക് മുരിങ്ങമംഗലം ക്ഷേത്രത്തിൽ എത്തിയശേഷമാണ് യാത്ര തുടരുന്നത്. ക്ഷേത്ര മൈതാനത്ത് ഉണ്ടായിരുന്ന മതപാഠശാല മരംവീണ് തകർന്നിരുന്നു. മേൽക്കൂര ഇതുവരെ നന്നാക്കിയിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് മുമ്പ് തീർത്ഥാടകർ വിശ്രമിച്ചിരുന്നത് ഈ മതപഠശാലയിലാണ്. തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽനിന്നുവരുന്ന തീർത്ഥാടകർ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ ക്ഷേത്രദർശനം കഴിഞ്ഞ് കാനനപാതയിലൂടെ അച്ചൻകോവിലാറിന്റെ തീരത്തുകൂടി കല്ലേലി, കുമ്മണ്ണൂർ വഴി എത്തി മുരിങ്ങമംഗലം ക്ഷേത്രത്തിൽ തമ്പടിക്കും. ഓരോ വർഷവും ഇത്തരം തീർത്ഥാടകരുടെ എണ്ണം കൂടുകയാണ്. നെയ്യാറ്റിൻകര, പാറശാല, വിതുര എന്നിവിടങ്ങളിൽനിന്ന് സംഘങ്ങളായി എത്തുന്ന മലയാളി തീർത്ഥാടകരും മുരിങ്ങമംഗലം ക്ഷേത്രത്തിൽ ഒരുദിവസം ക്യാമ്പുചെയ്തശേഷമാണ് പമ്പയിലേക്ക് പോകുന്നത്. ഇവർക്ക് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. ക്ഷേത്രത്തിലെ വൈദ്യുതി വിളക്കുകളുടെ അറ്റകുറ്റപ്പണി ദേവസ്വം ബോർഡ് നടത്തിയിട്ടുണ്ട്.
----------------------------
മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിൽ എത്തുന്ന ശബരിമല തീർത്ഥാടകർക്ക് ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ആനി സാബു
പ്രസിഡന്റ് കോന്നി ഗ്രാമപഞ്ചായത്ത്