ചെങ്ങന്നൂർ: ചെറിയനാട് സ്വദേശികളായ ക്ഷീരകർഷകർക്ക് ലഭിക്കേണ്ട സബ്‌സിഡി തുക ആഴ്ചകളായിട്ടും ലഭ്യമാക്കാതെ ഉദ്യോഗസ്ഥൻ വലയ്ക്കുന്നതായി പരാതി. ചെങ്ങന്നൂർ ബ്ലോക്കിലെ ക്ഷീരവികസന ഓഫീസിലാണ് ചെറിയനാട് സ്വദേശികളായ രണ്ട് സ്ത്രീകൾക്കടക്കം മൂന്ന് പേർക്ക് സബ്‌സിഡി തുക മൂന്നാഴ്ചയായിട്ടും കൈമാറാത്തത്. ഇത് സംബന്ധിച്ച് ക്ഷീരകർഷകയായ അഞ്ജലികൃഷ്ണ മുഖ്യമന്ത്രിക്കും ക്ഷീരവികസനവകുപ്പ് മന്ത്രിയ്ക്കും പരാതി നൽകിയിട്ടുണ്ട്. ബ്ലോക്ക് ഓഫീസിലെ ഡയറി ഫാം ഇൻസ്ട്രക്ടർ അഭിലാഷിനെതിരെയാണ് ക്ഷീരകർഷകരായ എം.എസ്. രാജഗോപാൽ, രാജേശ്വരി കുഞ്ഞമ്മ, അഞ്ജലി കൃഷ്ണ എന്നിവർ പരാതി നൽകിയത്. ഇവർ വകുപ്പിന്റെ എം.എസ്ഡി.പി വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടവരാണ്. ഇതിലൂടെ പശുക്കളെ വാങ്ങിയ ഇനത്തിലാണ് സബ്‌സിഡി തുക ലഭിക്കാനുള്ളത്. 30000/രൂപയാണ് ഒരു പശുവിന് സബ്‌സിഡിയായി ലഭിക്കേണ്ടത്. ഗോപകുമാറിന് രണ്ട് പശുക്കളുടെയും മറ്റുള്ളവർക്ക് ഓരോ പശുവിന്റെയും സബ്‌സിഡി തുകയാണ് ലഭിക്കാനുള്ളത്. പശുവിനെ വാങ്ങിയശേഷം എല്ലാ രേഖകളും സമർപ്പിച്ചിട്ടും ഈ ഉദ്യോഗസ്ഥൻ ഇതുവരെയും പണം നൽകാൻ തയാറാകാത്തത് സംശയകരമാണെന്നും പരാതിയിൽ പറയുന്നു. ചെറിയനാട് സ്വദേശിനിയായ ആര്യ കൃഷ്ണൻ സമർപ്പിച്ച 10യൂണിറ്റ് പശുവിനെ ലഭിക്കാനുള്ള അപേക്ഷ ഉദ്യോഗസ്ഥൻ നിരസിച്ചതായും ആക്ഷേപമുണ്ട്. പട്ടികജാതി വിഭാഗത്തിൽപെടുന്നവർക്കായുള്ള ഈ പദ്ധതിയിലേക്ക് ഓൺലൈനിലൂടെയാണ് ആര്യ അർഹത നേടിയത്. വിഷയം ഉന്നയിച്ച് ചെങ്ങന്നൂർ ക്ഷീരവികസന ഓഫീസറെയും കർഷകർ സമീപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നിർദ്ദേശം ഉണ്ടായിട്ടും തുക നൽകാനുള്ള നടപടി ക്രമങ്ങൾ ഈ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നാണ് ക്ഷീരകർഷകർ പറയുന്നത്. ഇപ്പോൾ നാളുകളായി അവധിയിലാണ് ഉദ്യോഗസ്ഥനെന്നാണ് സൂചന. ഈ ഉദ്യോഗസ്ഥനെ പദ്ധതി നിർവഹണ ചുമതലയിൽ നിന്ന് നീക്കം ചെയ്യണമെന്നും സബ്‌സിഡി തുക എത്രയും വേഗം ലഭ്യമാക്കണമെന്നുമാണ് ക്ഷീരകർഷകരുടെ ആവശ്യം.
ഉടൻ കൈമാറുമെന്ന് ഉദ്യോഗസ്ഥർ
അപേക്ഷയോടൊപ്പം സമർപ്പിച്ചിരുന്ന രേഖകളിലെ പോരായ്കളാണ് നടപടിക്രമങ്ങൾ താമസിക്കാൻ കാരണമെന്നും ഈ ആഴ്ച തന്നെ മേലധികാരികൾക്ക് പൂർണതയോടെ അപേക്ഷ കൈമാറുമെന്നും ക്ഷീരകർഷകർക്ക് അർഹമായ സബ്‌സിഡി തുക ലഭ്യമാക്കുമെന്നും ഉദ്യോഗസ്ഥൻ പ്രതികരിച്ചു.