അമ്പലപ്പുഴ : പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പതിനേഴുവയസുകാരി അഞ്ചുമാസം ഗർഭിണിയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പെൺകുട്ടി അമിതമായി മരുന്നുകഴിച്ചതായും സംശയമുണ്ട്. അസ്വാഭാവിക മരണത്തിന് അടൂർ പൊലീസ് കേസെടുത്തു. നാലുദിവസം മുമ്പാണ് പെൺകുട്ടിയെ പനിയെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഗർഭിണിയാണെന്ന വിവരം പുറത്തു വന്നത്. കിഡ്നിക്കും തകരാർ സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് കേസെടുത്തു.