
തിരുവല്ല : കൗമാരത്തിന്റെ സർഗവാസനകളെ തൊട്ടുണർത്തുന്ന റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന് കലാവല്ലഭന്റെ നാട്ടിൽ കൊടിയേറി. തിരുമൂലപുരത്ത് എസ്.എൻ.വി.എസ് സ്‌കൂൾ ഗ്രൗണ്ടിലെ മുഖ്യവേദിയിൽ നടന്ന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, മുൻസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്ജ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അനില ബി.ആർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, മുൻസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശേരി, കൗൺസിലർമാരായ ഷീബ കരിമ്പുംകാല, ജോസ് പഴയിടം, ഡോ.റെജിനോൾഡ് വർഗീസ്, ആർ.ഡി.ഡി മൈത്രി.കെ.പി, വി.കെ.അശോക് കുമാർ, ഡി.ഇ.ഒമാരായ ഷൈനി.ഡി, ഫിലിപ്പ് ജോർജ്, ബിനു ജേക്കബ്, ഹാഷിം ടി.എച്ച്, റഹ്മത്തുള്ളഖാൻ.പി.എ, അൻവർ.ടി.എം, ബിജുകുമാർ.വി.എ, സജി അലക്സാണ്ടർ എന്നിവർ സംസാരിച്ചു. കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി അലന്ന അജിയെ മൊമെന്റോ നൽകി ആദരിച്ചു. സംസ്കൃതോത്സവും അറബി സാഹിത്യോത്സവും ഉൾപ്പെടെയുള്ള കലാമാമാങ്കത്തിന് 29ന് തിരശീലവീഴും.
ആഘോഷത്തിന്റെ വേദിയാകണം : മന്ത്രി വീണാജോർജ്ജ്
തിരുവല്ല : കുട്ടികളിലെ പ്രതിഭകളെ തിരിച്ചറിയുന്ന ആഘോഷങ്ങളുടെ വേദികളായി കലോത്സവ വേദി മാറ്റണമെന്നും കലാപവേദിയായി മാറരുതെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സ്ഥാനമാനങ്ങളേക്കാൾ കുട്ടികളുടെ അവതരണമാണ് കലോത്സവത്തിൽ പ്രധാനം. കലാപ്രതിഭകളെ മാത്രമല്ല ഒരുപാട് ഗുരുക്കൻമാരെയും കലോൽസവ വേദികളിൽ കണ്ടെത്താം. ആർദ്രതയുള്ള ഹൃദയത്തിന്റെ ഉടമകളാണ് കലാകാരൻമാരും കലാകാരികളും. ശാസ്ത്രീയമായ കലകളുടെ അഭ്യാസം ബൗദ്ധിക വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.