ഉൗരാംപാറയിൽ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനകൾ
ചിറ്റാർ ഊരാംപാറയിൽ കാടുവിട്ടിറങ്ങിയ കാട്ടാനകൾ വാഹനങ്ങളുടെ അടുത്തേക്ക് പാഞ്ഞടുത്തത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. ഭയന്ന യാത്രക്കാർ ഇവിടെ നിന്ന് ഒാടിമാറുകയായിരുന്നു. കാട്ടാനകൾ റോഡിലേക്കിറങ്ങുന്നതോടെ ഈ പ്രദേശത്ത് ഗതാഗതം മിക്കപ്പോഴും തടസപ്പെടും. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ഇതുവഴി പോകുന്നത്. ആനയിറങ്ങുന്നത് പതിവായതോടെ ജനങ്ങളുടെ രാത്രിയാത്ര കുറഞ്ഞു. ചിറ്റാർ -ഊരാൻപാറ റോഡ്, ചിറ്റാർ- തണ്ണിത്തോട് റോഡ്, ജ്യോതിഷ് നഗർ, മീൻകുഴി കൊടിത്തോപ്പ്, വയ്യാറ്റുപുഴ ഈട്ടിച്ചുവട് റോഡ്,നിലിപിലാവ് മൂന്നാംമല, കട്ടച്ചിറ മണിയാർ റോഡ് എന്നിവിടങ്ങളിലാണ് ആനയുടെ സ്ഥിരം സാന്നിദ്ധ്യമുള്ളത്
സീതത്തോട്അള്ളുങ്കൽ വനത്തിൽ നിന്ന് കക്കാട്ടാറ് കടന്ന് ഊരാമ്പാറയിൽ എത്തുന്ന കാട്ടാനകൾ പുതിയ താരകളിലൂടെയാണ് സഞ്ചരിക്കുന്നത്. ഇവിടെയുള്ള റബർ തോട്ടത്തിൽ ഇവ തമ്പടിക്കാറുണ്ട് . ഇതുമൂലം ടാപ്പിംഗ് തൊഴിലാളികളും ഭീതിയിലാണ്. കാർഷിക വിളകൾ ആനക്കൂട്ടം നശിപ്പിക്കാറുണ്ട്. വാഴ, കൈത പ്ലാവ് തുടങ്ങിയവയാണ് നശിപ്പിക്കുന്നത്. ഇതുമൂലം കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്.ആനകളുടെ കടന്നു കയറ്റം തടയാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ സൗരോർജ വേലിയുടെ നിർമ്മാണം പുരോഗമിക്കുന്നു.
------------------------
രാവിലെ ആനകൾ റബർ തോട്ടങ്ങളിൽ തമ്പടിക്കുന്നതിനാൽ ടാപ്പിംഗിന് പോകാൻ ബുദ്ധിമുട്ടാണ്. സർക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്രയും വേഗം നടപടി സ്വീകരിക്കണം
ബെൻസൺ പനിച്ചക്കുഴിയിൽ
കർഷകൻ (പ്രദേശവാസി)