
തിരുവല്ല : 1996 ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭയായ അച്ഛന്റെ പാത പിന്തുടർന്ന് മക്കളും. കുളനട കൃഷ്ണവിലാസത്തിൽ ഡോ. ശ്രീഹരി- അശ്വതി ദമ്പതികളുടെ മക്കളായ കൃഷ്ണനുണ്ണിയും കൃഷ്ണവേണിയുമാണ് ജില്ലാ സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാമതെത്തിയത് . ഹൈസ്കൂൾ, യു പി വിഭാഗങ്ങളിൽ മോണോ ആക്ടിൽ ഒന്നാമതെത്തിയ ഇരുവരേയും പഠിപ്പിച്ചത് അച്ഛന്റെ ഗുരുനാഥൻ കെ.പി ശശികുമാറാണ്. കൃഷ്ണവേണി കഴിഞ്ഞ കലോത്സവത്തിൽ എൽ.പി വിഭാഗം ഭരതനാട്യം, മോഹിനിയാട്ടം മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കൃഷ്ണനുണ്ണി കിടങ്ങന്നൂർ എസ് .വി .ജി .വി എച്ച്. .എസ് .എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും കൃഷ്ണവേണി പന്തളം എൻ.എസ്.എസ് ഇ.എം യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. കൃഷ്ണനുണ്ണി മിമിക്രി, ചാക്യാർ കൂത്ത് മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്. ശ്രീജിത്, തൃശൂർ മിമിക്രിയും നീലേശ്വരം രാജു നൃത്തവും പൈങ്കുളം നാരായണ ചാക്യാർ ചാക്യാർ കൂത്തും പരിശീലിപ്പിക്കുന്നു .