പത്തനംതിട്ട : പാലക്കാടിന് പിന്നാലെ, ബി.ജെ.പി ഭരിക്കുന്ന രണ്ടാമത്തെ നഗരസഭയായ പന്തളത്തും പ്രതിസന്ധി. ഭരണത്തിൽ കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് നഗരസഭ അദ്ധ്യക്ഷയ്ക്കും വൈസ് ചെയർമാനുമെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ യു.ഡി.എഫും ബി.ജെ.പിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കൗൺസിലറും സ്വതന്ത്ര അംഗവും പിന്തുണയ്ക്കുമെന്നാണ് സൂചന. രണ്ട് ബി.ജെ.പി കൗൺസിലർമാരെ ഒപ്പം കൂട്ടാനുള്ള സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ശ്രമങ്ങൾ വിജയിച്ചാൽ ഭരണം നഷ്ടപ്പെടും. ഡിസംബർ നാലിനാണ് അവിശ്വാസത്തിൽ ചർച്ചയും വോട്ടെടുപ്പും .
ബി.ജെ.പിയിലെ പടലപ്പിണക്കങ്ങളാണ് അവിശ്വാസത്തിലേക്കെത്തിച്ചത്. നഗരസഭാദ്ധ്യക്ഷ സുശില സന്തോഷിനെതിരായ ബി.ജെ.പി കൗൺസിലർ കെ.വി പ്രഭയുടെ കരുനീക്കങ്ങൾക്ക് എൽ.ഡി.എഫും യു,.ഡി.എഫും തുടക്കം മുതൽ പിന്തുണ നൽകിയിരുന്നു. അദ്ധ്യക്ഷയുമായി പരസ്യമായി പോരടിച്ച പ്രഭയെ പാർട്ടി സസ്പെൻഡ് ചെയ്തതിന് പിന്നാലെ ഭരണ സമിതിക്കെതിരെ അദ്ദേഹം ഇരുമുന്നണികളുടെയും യോഗത്തിൽ പ്രസംഗിച്ചു. പ്രഭയ്ക്കൊപ്പം നിന്ന രണ്ടു കൗൺസിലർമാരെയാണ് പ്രതിപക്ഷം വലയിലാക്കാൻ ശ്രമിക്കുന്നത്. അവിശ്വാസം ചർച്ചയ്ക്ക് വരുമ്പോൾ പ്രഭയ്ക്കും പാർട്ടി വിപ്പ് ബാധകമാണ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പന്തളത്ത് 33ൽ 18 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിൽ വന്നത് എൽ.ഡി.എഫിൽ
നിന്നാണ് ബി.ജെ.പി ഭരണം പിടിച്ചെടുത്തത് . അവിശ്വാസം പാസായാൽ സ്വതന്ത്ര അംഗത്തെ ചെയർമാനാക്കാനാണ് എൽ.ഡി.എഫ്, യു.ഡി.എഫ് നീക്കം. ബി.ജെ.പിയിലെ ഒരംഗത്തിന് വൈസ് ചെയർമാൻ പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ആകെ അംഗങ്ങൾ -33
ബി.ജെ.പി- 18
(സസ്പെൻഡ് ചെയ്യപ്പെട്ട കൗൺസിലർ ഉൾപ്പെടെ)
എൽ.ഡി.എഫ് -9
സ്വതന്ത്രൻ -1
യു.ഡി.എഫ്- 5.