തിരുവല്ല : നാടക മത്സരത്തിലെ നിറഞ്ഞ സദസിൽ കൈയടി നേടി ഒന്നാമതെത്തി ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥികൾ. ഉരുൾപെട്ടലിൽ വീടും കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ ദുരന്ത കഥ അവതരിപ്പിച്ച് ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിലാണ് വടശേരിക്കര മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടിയത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അമർനാഥിന്റേത് മികച്ച പ്രകടനമായിരുന്നു. എറണാകുളം സ്വദേശി മിഥുൻ സംവിധാനം ചെയ്ത സൈറൺ എന്ന നാടകമാണ് ഇവർ അവതരിപ്പിച്ചത്. വന നശീകരണം, ഭൂകമ്പം, കോർപറേറ്റുകളുടെ ഇടപെടൽ, ജാതി വ്യവസ്ഥ, പാഠപുസ്തക വിവാദങ്ങൾ എന്നിവയൊക്കെ നാടകത്തിൽ പരാമർശിക്കപ്പെട്ടു. അമർനാഥ്, ആഷിക് രാജ്, അനിരുദ്, അദ്വൈത്, അതുൽ സഞ്ജയ്, ലേനീഷ്, കൃഷ്ണനുണ്ണി, അഭിഷേക് അനന്തു, കൈലാസ്, സുബീഷ് എന്നിവരായിരുന്നു അഭിനേതാക്കൾ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പട്ടികവർഗ കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്.