1
എഴുമറ്റൂർ പഞ്ചായത്തിലെ മേത്താനം സ്വദേശിയക്ക് ആക്രമണം നേരിടേണ്ടി വന്ന പേപ്പട്ടി വാഹനം തട്ടി മരിച്ച നിലയിൽ.

മല്ലപ്പള്ളി: ഗ്രാമീണ മേഖലകളിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നതോടൊപ്പം പേപ്പട്ടിശല്യവും വർദ്ധിക്കുന്നു. അതിർത്തി കടത്തി വാഹനങ്ങളിൽ നായ്ക്കളെ കൊണ്ടുവന്ന് ഇറക്കിവിടുന്നതാണ് ഇവറ്റകൾ വർദ്ധിക്കാനുള്ള പ്രധാനകാരണം. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് തിരികെ തെരുവിൽ അയക്കുന്ന പദ്ധതിയോടെ നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. പ്രഭാത സവാരിക്കാ‌ർ,​ സ്കൂൾ കൂട്ടികൾ,​ പത്രവിതരണക്കാർ എന്നിവരാണ് ഏറെയും ദുരിതം അനുഭവിക്കുന്നത്. ഇരുചക്ര വാഹനത്തിന് കുറുകെ ചാടി ഇവറ്റകൾ ഉണ്ടാക്കുന്ന അപകടവും വർദ്ധിച്ചിരിക്കുകയാണ്. അറവുശാലകളിലെയും ചിക്കൻ സെന്ററുകളിലെയും മാലിന്യം റോഡിൽ തള്ളുന്നത്‌ തെരുവു നായ്ക്കൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. കോട്ടാങ്ങൽ പഞ്ചായത്തിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് 13 പേർക്കാണ് പേപ്പട്ടിയുടെ ആക്രമണം നേരിടേണ്ടി വന്നത്. ഇന്നലെ എഴുമറ്റൂർ മേത്താനം സ്വദേശി ചെമ്പോത്തനാംകുഴിയിൽ വീട്ടിൽ കൊച്ചു ബേബി എന്നയാളെ പേപ്പട്ടി ആക്രമിച്ചിരുന്നു. ഇയാൾ എഴുമറ്റൂർ ഗവ.ആശുപത്രിയിലും തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. എഴുമറ്റൂർ ഗ്രാമപഞ്ചായത്തുകളിൽ ഉണ്ടായ പേപ്പട്ടിയുടെ ആക്രമണത്തിൽ ഭയം വിട്ടുമാറാകാതെ കഴിയുകയാണ് പ്രദേശവാസികൾ.

.................................

തുടക്കം കോട്ടാങ്ങൽ പഞ്ചായത്തിലായിരുന്നെങ്കിൽ ഇന്ന് താലൂക്ക് പ്രദേശത്തെ വിവിധ ഇടങ്ങളിലേക്ക് പേപ്പട്ടിയുടെ ആക്രമണം വ്യാപിച്ചിട്ടുണ്ട്. അധികൃതരുടെ നിസംഗതയാണ് തെരുവ് നായ്ക്കളുടെയും പേപ്പട്ടിയുടെയും ആക്രമണത്തിന് ഇടയാക്കിയത്.

പത്മകുമാർ

(പ്രദേശവാസി)​

....................

കഴിഞ്ഞിടെ കോട്ടാങ്ങലിൽ13 പേരെ പേപ്പട്ടി കടിച്ചു