പത്തനംതിട്ട: ജില്ലയിലെ ടോയ്ലെറ്റ് മാലിന്യം സംസ്‌കരിക്കാൻ കൊടുമൺ പ്ലാന്റേഷനിൽ സ്ഥലം കണ്ടെത്തി. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ഇവിടെ സാനിറ്റേഷൻ പാർക്ക് സ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കമായി. കൊടുമൺ എസ്റ്റേറ്റിൽ വിപുലമായ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലമുണ്ട്. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ എ.എസ് നൈസാം, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ അനൂപ് ശിവശങ്കരപ്പിള്ള എന്നിവരുടെ സംഘം സ്ഥലപരിശോധന നടത്തി. പ്ലാന്റേഷൻ കോർപറേഷൻ ഒഫ് കേരള ലിമിറ്റഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു. എസ്റ്റേറ്റ് മാനേജർ ജോൺ തോമസ്, അസിസ്റ്റന്റ് മാനേജർ സുകന്യ എന്നിവരുമായി ചർച്ച നടത്തിയെന്ന് ജില്ലാ ശുചിത്വ മിഷൻ കോ- ഓർഡിനേറ്റർ നിഫി എസ്.ഹക്ക് അറിയിച്ചു. ജില്ലയിലെ ശൗചാലയ മാലിന്യ സംസ്‌കരണം വലിയ പ്രതിസന്ധിയായ സാഹചര്യത്തിലാണ് ശുചിത്വമിഷൻ പദ്ധതിക്ക് രൂപം കൊടുക്കുന്നത്. മാലിന്യ ടാങ്കർ ലോറികൾ വഴിയിൽ തടയുന്നതും പൊലീസ് പിഴയീടാക്കുന്നതും പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ഇതേ തുടർന്ന് ഐ,എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ടാങ്കർ ലോറികളുമായി ശുചിത്വമിഷൻ ഓഫീസിനു മുന്നിലേക്ക് റാലി നടത്തിയിരുന്നു.നിലവിൽ നിലയ്ക്കലിൽ മാത്രമാണ് ജില്ലയിൽ ടോയ്ലെറ്റ് മാലിന്യ പ്ലാന്റുള്ളത്. ഇതിന് ജില്ലയുടെ മൊത്തം ആവശ്യങ്ങൾക്കനുസരിച്ചുള്ള ശേഷിയില്ല. ശബരിമല തീർത്ഥാടനം ലക്ഷ്യമാക്കിയാണ് നിലയ്ക്കലിൽ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്.ഉയർന്ന ശേഷിയുളള പ്ലാന്റ് നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് കൊടുമണ്ണിൽ സ്ഥല പരിശോധന നടത്തിയത്. സ്ഥലം ഏറെയുള്ളതിനാൽ ഇവിടെ പ്ലാന്റ് സ്ഥാപിക്കുന്നതിന് പ്രാദേശിക എതിർപ്പുണ്ടാകില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
ചർച്ച നടത്തി
മാലിന്യ നീക്കം സംബന്ധിച്ച് ശുചിത്വ മിഷൻ ജില്ല കോ - ഓർഡിനേറ്റർ നിഫി എസ്. ഹക്ക് തൊഴിലാളി യൂണിയൻ ഭാരവാഹികളുമായി ചർച്ച നടത്തി. ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ആദർശ് പി കുമാർ, ടെക്‌നിക്കൽ കൺസൾട്ടന്റ് അരുൺ വേണുഗോപാൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ, ഐ.എൻ.ടി.യു.സി മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എ.ഡി ജോർജ്ജ്, സെക്രട്ടറി എ.അരുൺ കുമാർ, ജോയിന്റ് സെക്രട്ടറി ബി.ആഷിഖ് എന്നിവർ പങ്കെടുത്തു.
............................
തയാറാക്കുന്നത് 5 കോടിയുടെ പദ്ധതി
കൊടുമൺ പ്ലാന്റേഷനിൽ 1238 ഹെക്ടർ സ്ഥലം