ചെങ്ങന്നൂർ: മാവേലിക്കര - കോഴഞ്ചേരി സംസ്ഥാന പാതയിൽ ചെറിയനാട് റെയിൽവെ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിയാബാധയാകുന്നു. റോഡ് ഉയർന്നു നിൽക്കുന്നതിനാൽ ഇരുഭാഗത്തുനിന്ന് വെള്ളം ഒഴുകി അടിപ്പാതയിൽ കെട്ടിക്കിടക്കുകയാണ്. ചാറ്റൽ മഴയിൽ പോലും വലിയ വെള്ളക്കെട്ടാണ് ഇവിടെ രൂപപ്പെടുന്നത്. ഇതുകാരണം ചെങ്ങന്നൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വലതു വശത്തുകൂടി കടന്നുപോകുന്നതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. അഞ്ചുവർഷം മുൻപ് റോഡ് നവീകരിച്ചതിന് ശേഷമാണ് പാലത്തിന്റെ ഇരുവശവും ഉയർന്നത്. ഇതോടെ ഇരുഭാഗത്തുനിന്ന് വെള്ളം പാലത്തിന്റെ അടിയിലേക്ക് ഒഴുകിയെത്തുന്നതാണ് വെള്ളക്കെട്ടിന്റെ പ്രധാന കാരണം. 11 മാസങ്ങൾക്ക് മുൻപ് ഈ ഭാഗം ലെവൽ ചെയ്ത് ടാർ ചെയ്തങ്കിലും ചെറിയ മഴയ്ക്കു പോലും വെള്ളം കെട്ടി കിടന്ന് അടിപ്പാതയിൽ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഈ കുഴിയിൽ വീണ് ഇരുചക്ര വാഹനം ഉൾപ്പടെയുള്ള യാത്രക്കാർക്ക് അപകടം ഉണ്ടാകുന്നുണ്ട്.
വെള്ളം ഒഴുകി പോകാൻ സംവിധാനമില്ല
അടിപാതയിൽ എത്തുന്ന വെള്ളം ഒഴുകി പോകാൻ ശാസ്ത്രീയമായ സംവിധാനമില്ലാത്തതാണ് ഇവിടെ വെള്ളകെട്ട് രൂപപ്പെടാൻ കാരണം. ചെളിവെള്ളം തെറിച്ച് ഇരുചക്രവാഹന യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയും ദേഹത്തു വീഴുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇവിടെ പതിവാണ്. ഇരുഭാഗത്തും നിന്നെത്തുന്ന വാഹനങ്ങൾ വളവു തിരിഞ്ഞു വരുമ്പോഴാണ് വെള്ളക്കെട്ട് കാണുന്നത്. റോഡ് പരിചിതമല്ലാത്തവർ പെട്ടെന്നു വാഹനം നിറുത്തുമ്പോൾ തൊട്ടു പിന്നിലെ വാഹനത്തിൽ ഇടിച്ചും അപകടമുണ്ടാകുന്നു.
പരിഹാരത്തിന് 8 ലക്ഷത്തിന്റെ പദ്ധതി
അടിപ്പാതയിലെ വെള്ളക്കട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാൻ ചെറിയനാട് പഞ്ചായത്ത് എട്ട് ലക്ഷം രൂപയുടെ ഓടനിർമ്മാണ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. വെള്ളം വടക്കോട്ട് തിരിച്ചുവിട്ട് തോട്ടിൽ ചെന്ന് ചേരുന്ന വിധത്തിലാണ് ഓടയുടെ നിർമ്മാണം നടത്തുക. ഈ സാമ്പത്തികവർഷം തന്നെ ഓടനിർമ്മാണം നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
..............................
ഓടനിർമ്മാണം തുടങ്ങുന്നതുവരെ വെള്ളം ഒഴുകിപോകുന്നതിനുള്ള സംവിധാനം അധികൃതർ അടിയന്തരമായി കാണണം.
സൈബു
(യാത്രക്കാരൻ).......................
.................
11 മാസങ്ങൾക്ക് മുൻപ് ലെവൽ
ചെയ്തെങ്കിലും പ്രയോജനമില്ല
ദിശ തെറ്റിച്ച് വരുന്ന വാഹനങ്ങൾ
അപകട ഭീഷണി ഉണ്ടാക്കുന്നു