
ശബരിമല : പതിനെട്ടാംപടിയിൽ നിന്ന് ഫോട്ടോയെടുത്ത പൊലീസുകാർക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കില്ല.
അറിവില്ലായ്‌മ കൊണ്ട് സംഭവിച്ചതാണെന്നും മാപ്പ് നൽകണമെന്നും എന്ത് ശിക്ഷയും സ്വീകരിക്കാമെന്നും കാരണം കാണിക്കൽ നോട്ടീസിന് ഇവർ മറുപടി നൽകിയിരുന്നു.
പതിനെട്ടാം പടിയിലൂടെ തീർത്ഥാടകരെ കയറ്റിവിടാൻ കൃത്യമായി ഇടപെടുകയും ഭക്തരോട് മാന്യമായി പെരുമാറുകയും ചെയ്തവരാണ് എന്നതും പരിഗണിച്ചാണ് ശബരിമല പൊലീസ് സ്പെഷ്യൽ ഓഫീസർ എ.ഡി.ജി.പി എസ്.ശ്രീജിത്തിന് റിപ്പോർട്ട് നൽകിയത്.
ഫോട്ടോയെടുത്ത 25 പൊലീസുകാർക്ക് കെ.എ.പി നാല് ബറ്റാലിയനിൽ നാലു ദിവസത്തെ പ്രത്യേക പരിശീലനം നൽകണമെന്നും ഇവർ ശബരിമലയും പരിസരവും ശുചീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കടുത്ത നടപടി വേണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. കോടതിയുടെ നിർദ്ദേശം ലഭിച്ച ശേഷം മറ്റ് നടപടികൾ തീരുമാനിക്കും.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡ്യൂട്ടി ഒഴിഞ്ഞ ആദ്യ ബാച്ച് പൊലീസുകാർ ഫോട്ടോയെടുത്തത്. ഇതിൽ പന്തളം കൊട്ടാരവും ഹിന്ദു ഐക്യവേദി, ക്ഷേത്ര സംരക്ഷണ സമിതി, ആചാര സംരക്ഷണ സമിതി തുടങ്ങിയ ഹൈന്ദവ സംഘടനകളും അതൃപ്തി അറിയിച്ചിരുന്നു.
പൊലീസിന് മാർഗ നിർദ്ദേശം
വിവാദത്തെ തുടർന്ന് സേനയ്ക്ക് കർശനമായ മാർഗനിർദ്ദേശം നൽകി. ഒരു കാരണവശാലും ഭക്തരോട് അപമര്യാദയായി പെരുമാറരുത്, പതിനെട്ടാം പടിയിൽ അടക്കം ബലപ്രയോഗം നടത്തരുത്. തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കരുത്. ജോലി സമയത്ത് മൊബൈൽ ഫോണിൽ സമൂഹമാദ്ധ്യമ ഉപയോഗം പാടില്ല. ഭക്തരെ സ്വാമി എന്നുതന്നെ വിളിക്കണം. എന്ത് പ്രകോപനത്തിലും ആത്മസംയമനം കൈവിടരുത് എന്നിവയാണ് നിർദ്ദേശങ്ങൾ. ഡ്യൂട്ടിയിലുള്ള പൊലീസുകാരെ സി.സി.ടി.വിയിലൂടെ നിരീക്ഷിക്കും.