1
കാട് മൂടപ്പെട്ട പരിയാരം പഞ്ചായത്ത് പടി റോഡ്.

മല്ലപ്പള്ളി : ആധുനിക രീതിയിൽ നവീകരണം പൂർത്തിയാക്കിയ പരിയാരം - മല്ലപ്പള്ളി പഞ്ചായത്ത് പടി റോഡിൽ സൂചന ബോർഡുകളും പാതയോരവും കാടുകയറിയത് അപകട സാദ്ധ്യത വർദ്ധിക്കുന്നതായി പരാതി. ഒട്ടേറെ ആൾക്കാരും വാഹനങ്ങളും നിത്യവും സഞ്ചരിക്കുന്ന റോഡാണിത്. ടാറിംഗിലേക്ക് കൂടി വ്യാപിച്ചതോടെ എതിർ ദിശയിൽ നിന്ന് എത്തുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. കൊടും വളവുകളിലും വളർന്ന കുറ്റിക്കാട് അപകടകരമാണ്. ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുള്ള സ്ഥലമായതിനാൽ ഭീതിയോടെയാണ് ഇതുവഴി വാഹന യാത്രക്കാർ പോകുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ വശങ്ങളിലെയും കാടുകൾ നീക്കം ചെയ്യുന്ന പ്രവർത്തികൾ കഴിഞ്ഞ നാളുകളായി നടക്കാത്തതാണ് കാടും വള്ളിപ്പറപ്പുകളും വളരാൻ കാരണമായത്. കാടു തെളിയിക്കുന്ന പ്രവർത്തികൾ പൊതുമരാമത്ത് നടത്തിയിരുന്നെങ്കിലും അവരും ഇപ്പോൾ പിന്മാറിയ സ്ഥിതിയിലാണ്. ഒരാൾ പൊക്കത്തിലേറെ കാട് വളർന്നുനിൽക്കുന്ന സ്ഥലങ്ങളുണ്ട്. ഓടകൾക്കുള്ളിൽ വള്ളിപ്പടർപ്പും കാടും നിറഞ്ഞതിനാൽ നീരൊഴുക്കും തടസപ്പെടുന്നുണ്ട്. പലയിടങ്ങളിലും റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. റോഡിലെ വെള്ളക്കെട്ട് ഇരുചക്രവാഹനയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. റോഡിന്റെ വശങ്ങളിൽ വളർന്നു നിൽക്കുന്ന കാട് നീക്കം ചെയ്ത് അപകട ഭീതി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

..........................................

കാട് മൂടപ്പെട്ടതിനാൽ കാൽ നടയാത്ര പോലും ദുഷ്കരമായി. ഇഴജന്തുക്കളെ പേടിച്ച് വേണം നടന്നുനീങ്ങാൻ. ഉന്നത നിലവാരത്തിൽ അടുത്ത കാലത്ത് റോഡ് നവീകരിച്ചെങ്കിലും കാട് നീക്കം ചെയ്യുവാൻ അധികൃതർ നടപടി സ്വീകരിക്കാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

മാത്യൂസ്

(പ്രദേശവാസി)