മല്ലപ്പള്ളി : അധികൃതർ കൈയൊഴിഞ്ഞതോടെ റോഡ് കോൺക്രീറ്റ് ചെയ്ത് നാട്ടുകാർ. എഴുമറ്റൂർ പഞ്ചായത്തിലെ 5,13 വാർഡുകളുടെ അതിർത്തി പങ്കിടുന്ന പ്രധാന റോഡായ ആശുപത്രിപ്പടി - കാരമല റോഡാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്തത്. എട്ടു വർഷങ്ങളായി തകർന്നുകിടന്ന റോഡിൽ വാഹന യാത്ര ദുസഹമായിരുന്നു. ജനപ്രതിനിധികളെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പുള്ളോലിൽ, പച്ചില മാങ്കൽ എന്നിവിടങ്ങളിൽ പൂർണ്ണമായി തകർച്ച സംഭവിച്ച 100 മീറ്ററോളം ഭാഗം കോൺക്രീറ്റ് ചെയ്തത്. അടുത്തിടെ റോഡിന്റെ തുടക്കഭാഗമായ ആശുപത്രിപ്പടി മുതൽ മേലൽ വരെയുള്ള 120മീറ്റർ ദൂരം എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച 12 ലക്ഷം രൂപ വിനിയോഗിച്ച് വീതി കൂട്ടി നവീകരിച്ചിരുന്നു. 24 കുടുംബങ്ങളുടെ സഹകരണത്തോടെയാണ് നവീകരണ പ്രവർത്തികൾ നടത്തിയത്.