malinyam
ഏനാത്ത് പോലീസ് സ്റ്റേഷന് സമീപമുള്ള ഇട റോഡിനോട് ചേർന്നുള്ള സ്വകാര്യ വയലിലേക്ക് മാലിന്യങ്ങൾ തള്ളിയിരിക്കുന്നു.

അടൂർ : വലിയ വ്യാപാരം നടക്കുന്ന ഏനാത്ത് മാർക്കറ്റിൽ മാലിന്യ സംസ്കരണത്തിന് സംവിധാനമില്ല. പച്ചക്കറി, പഴം, മത്സ്യം , മാംസം തുടങ്ങിയവയുടെ ചില്ലറ വ്യാപാരം നടക്കുന്ന മാർക്കറ്റാണിത്. ഇവിടെ നിന്നുള്ള മാലിന്യങ്ങളാണ് ഏനാത്ത് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ തള്ളുന്നത്. കീരത്തിൽ പാലത്തിന് സമീപം, ടൗണിൽ നിന്ന് പുഴയിലേക്ക് ഇറങ്ങുന്ന വഴിയുടെ വശം, കടവിന് സമീപം, ചന്തയുടെ സമീപമുള്ള സ്വകാര്യ വയലുകൾ, എം.സി റോഡിന്റെ ഇരുവശങ്ങൾ, ഏഴംകുളം ഏനാത്ത് മിനി ഹൈവേയുടെ വശങ്ങൾ തുടങ്ങിയിടത്തെല്ലാം വലിയതോതിൽ മാലിന്യം തള്ളുന്നുണ്ട്. ചിലയിടത്ത് കൂട്ടിയിട്ട് കത്തിക്കുന്നുമുണ്ട്. രാത്രിയുടെ മറവിൽ ചെറുതും വലുതുമായ വാഹനങ്ങളിൽ കൊണ്ടുവന്നു മാലിന്യം തള്ളിയിട്ടു പോകുന്നതാണ് രീതി.ഏഴംകുളം ഗ്രാമപഞ്ചായത്ത് ഒന്നര വർഷം മുമ്പ് ഏനാത്ത് ചന്തയിൽ തുമ്പൂർമൂഴി മാതൃകയിലുള്ള മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിച്ചിരുന്നു. ടൗണിലെ മുഴുവൻ ജൈവമാലിന്യങ്ങളും ഇവിടെ സംസ്കരിക്കാനുള്ള ലക്ഷ്യത്തോടുകൂടിയാണ് ഏഴ് ലക്ഷം രൂപ ചെലവിൽ ഇത് സ്ഥാപിച്ചത്. എന്നാൽ ഇതുവരെ ഇത് തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടില്ല. ഇതിനോടൊപ്പം 11 ലക്ഷം രൂപ ചെലവിൽ ദ്രവമാലിന്യ പ്ലാന്റ് കൂടി പണിയാൻ പദ്ധതിയുണ്ടായിരുന്നതായി അന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത്രയും കാലമായി യാതൊരുവിധ പ്രവർത്തങ്ങളും നടന്നതായി വിവരങ്ങളില്ല.

..................................

അടിയന്തര പരിഹാരം വേണം

ടൗണിൽ മാലിന്യ സംസ്കരണത്തിന് കൃത്യമായ ഒരു സംവിധാനം അത്യാവശ്യമാണ്. തെരുവ് നായ്കൾ മാലിന്യങ്ങൾ കടിച്ച് റോഡിന്റെ പല ഭാഗത്തായി കൊണ്ടിടുന്നുണ്ട്. ഭക്ഷണവശിഷ്ടങ്ങൾ കഴിക്കുവാൻ എത്തുന്ന തെരുവ് നായ്കൾ ആളുകളുടെ ജീവനും ഭീഷണിയാണ്. ടൗണിലെ മാലിന്യ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണം എന്നാണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

.................................

പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 39 ലക്ഷവും , ഏഴംകുളം പഞ്ചായത്തിന്റെ 15 ലക്ഷവും ശുചിത്വ മിഷന്റെ 1 കോടിയും ചേർത്ത് ഓടയും, മാലിന്യ സംസ്‌കരണ പ്ലാന്റും നിർമ്മിക്കുന്ന പദ്ധതി ടെൻണ്ടർ നടപടിയിലേക്ക് പോയിട്ടുണ്ട്.അധികം വൈകാതെ തന്നെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമാകും.

അഡ്വ.എ താജുദീൻ

(ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

ഏഴംകുളം ഗ്രാമപഞ്ചായത്ത്)​