ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിലും പരിസരത്തും വഴിയോരകച്ചവടക്കാരുടെ എണ്ണം വർദ്ധിച്ചു. പച്ചക്കുത്തൽ, വനവിഭവങ്ങൾ കൊണ്ടുള്ള മാലകൾ, മുത്തുമാലകൾ, കുങ്കുമം, അലങ്കാരവസ്തുക്കൾ, തടിയിൽ തീർത്ത ആഭരണങ്ങൾ മുതലായവ വിൽക്കുന്ന, സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുപ്പതംഗ സംഘം ആന്ധ്രാ സ്വദേശികളാണ്. അയ്യപ്പന്മാരുടെ തിരക്കേറിയതോടെ റോഡിൽ ഗതാഗതക്കുരുക്കും പതിവായിട്ടുണ്ട്. കുരുന്ന് മാളികപ്പുറങ്ങളെ ലക്ഷ്യമിട്ട് വിവിധതരം പാവകളും കളിപ്പാട്ടങ്ങളും ടാറ്റുകളും മാലകളും വിൽക്കുന്നവരാണ് വഴിയോരകച്ചവടക്കാരിൽ അധികവും. മണ്ഡലമകരവിളക്ക് പൂജയ്ക്കായി നടതുറക്കുന്ന രണ്ട് മാസവും സജീവമാകുന്ന ഹൽവ, ചിപ്‌സ് വിൽപ്പനശാലകളും റെയിൽവെ സ്റ്റേഷൻ പരിസരത്തെ റോഡുകളിലുണ്ട്. വണ്ടിമല ദേവസ്ഥാനം റോഡ്, ഷൈനി ഏബ്രഹാം റോഡ് എന്നിവിടങ്ങളിലെ കടകളിലും തെരുവുകളിലും അയ്യപ്പന്മാരുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഓരോ ബസും സീറ്റുകൾ നിറയുന്നത് അനുസരിച്ചാണ് സർവീസ് നടത്തുന്നത്. ആന്ധ്ര, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, തെലുങ്കാന എന്നി സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് എത്തുന്നതിലേറെയും. ശബരിമല അയ്യപ്പദർശനത്തിന് ശേഷം ചെങ്ങന്നൂരിൽ തിരിച്ചെത്തിയശേഷം ട്രെയിനിൽ തിരുവനന്തപുരത്ത് പോയി ശ്രീപത്മനാഭസ്വാമി ക്ഷേത്രം കാണാൻ പോകുന്നവരും കുറവല്ല. ഹോട്ടലുകളിലും ചിപ്‌സ് മൊത്തവിൽപ്പന കേന്ദ്രങ്ങളിലും ചായക്കടകളിലും ഫാൻസി സ്റ്റോറുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.