തിരുവല്ല : തിരുമൂലപുരത്ത് മൂന്ന് പകലിരവുകൾ ധന്യമാക്കിയ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ഇന്ന് വൈകിട്ട് 6.30ന് സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാർ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ മുഖ്യപ്രഭാഷണം നടത്തും. പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിനു ജേക്കബ് നൈനാൻ വിജയികളെ പ്രഖ്യാപിക്കും. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സ്മിജു ജേക്കബ് എന്നിവർ പ്രസംഗിക്കും.
ആടും പുലി മികച്ച നാടകം
തിരുവല്ല : പ്രകൃതിയിലെ മനുഷ്യനും മൃഗവും തമ്മിലുള്ള ഊഷ്മള സ്നേഹബന്ധത്തിന്റെ സന്ദേശം പ്രമേയമാക്കിയ ' ആടും പുലി ' മികച്ച നാടകമായി. കൊടുമൺ അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി സ്കൂളിലെ യു.പി.വിഭാഗം കുട്ടികളാണ് ആടിനെ കൊല്ലാൻ വരുന്ന പുലിയുടെ മനസ് മാറുന്ന കഥ ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ അവതരിപ്പിച്ച് കയ്യടി നേടിയത്. ഈ നാടകത്തിലെ വേട്ടക്കാരൻ അവറാനായി വേഷമിട്ട ശ്രീശങ്കർ.എസ് മികച്ച നടനായി. സിദ്ധാർത്ഥ്.എസ്, ബിബിൻ ജോബിൻ, ദക്ഷിൻ അനീഷ്, കാർത്തിക്.എസ്, പ്രജിത്ത്, സ്റ്റെജിൻ, അപർണ, ഗൗരി, അനഘ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് അനിൽ കാരേട്ടാണ്. അദ്ധ്യാപകരായ രാജാറാവു, ബൈജു, സരിത, മഞ്ചു, ജയപ്രകാശ്, ശ്യാം എന്നിവർ നേതൃത്വം നൽകി.
മികച്ച നടൻ അനന്തകൃഷ്ണൻ
തിരുവല്ല : ജി.ശങ്കരപ്പിള്ളയുടെ ഭരതവാക്യം എന്ന കഥ അരങ്ങിലെത്തിച്ച് എച്ച്.എസ്.എസ് വിഭാഗത്തിൽ മികച്ച നടനായി അനന്തകൃഷ്ണൻ. കിടങ്ങന്നൂർ എസ്.വി.ജി.വി എച്ച്.എസ്.എസ് വിദ്യാർത്ഥിയാണ്. അദ്ധ്യാപകനായ പ്രേം വിനായക് ആണ് സംവിധായകൻ. പൂവത്തൂർ സ്വദേശി രാജേഷ് - പുഷ്പകുമാരി ദമ്പതികളുടെ മകനാണ്. നാടക നടൻമാരുടെ ജീവിതം പറയുന്ന കഥയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അനന്തകൃഷ്ണൻ മികച്ച നടനായത്.
അച്ഛൻ എഴുതി, അമ്മ സംവിധാനം , മകൾ മികച്ച നടി
തിരുവല്ല: അച്ഛൻ തിരക്കഥയെഴുതി, അമ്മ സംവിധാനം ചെയ്ത നാടകത്തിൽ മകൾ മികച്ച നടിയായി. ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരത്തിലാണ് ഈ അപൂർവ കാഴ്ചയ്ക്ക് വേദിയൊരുങ്ങിയത്. പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിൽ താമസമായ മക്കളുടെ കഥ പറഞ്ഞ നാടകത്തിൽ റോസി എന്ന മകളായും മുത്തശ്ശിയായും അരങ്ങിലെത്തിയ പത്മ രതീഷാണ് മികച്ച നടി. പന്തളം സ്വദേശി ഡോ. രതീഷ് - പ്രിയത ഭരതൻ ദമ്പതികളുടെ മകളാണ് പത്മ. പന്തളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.