തിരുവല്ല: കുച്ചിപ്പുടി വേദിയിൽ മത്സരാർത്ഥി കാർപ്പെറ്റിൽ തെന്നിവീണു. കാലിന് പരിക്കേറ്റ കുട്ടിക്ക് തുടർന്ന് മത്സരത്തിൽ പങ്കെടുക്കാനായില്ല.
കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്കൂളിലെ ദേവമാനസിക്കാണ് പരിക്കേറ്റത്. ഹൈസ്കൂൾ വിഭാഗം കുച്ചിപ്പിടിയിലെ ആദ്യ മത്സരാർത്ഥിയായിരുന്നു ദേവമാനസി. പലതവണ കാർപെറ്റിൽ കാൽ തട്ടുകയും തെന്നുകയും ചെയ്തിട്ടും നൃത്തം തുടർന്ന ദേവമാനസി ഇടയ്ക്ക് താഴെ വീഴുകയായിരുന്നു. മറ്റുള്ളവർ മത്സരിക്കുന്നുണ്ടെങ്കിൽ കാർപ്പെറ്റ് മാറ്രിയേപറ്റുവെന്ന് വേദിയിൽ നിന്നുതന്നെ ദേവമാനസി വിളിച്ചു പറഞ്ഞതോടെ മത്സരം നിറുത്തിവച്ചു. ഒരുമണിക്കൂറോളം നടക്കാൻ കഴിയാതെ നിന്ന കുട്ടിക്ക് സംഘാടകർ മെഡിക്കൽ സഹായം നൽകിയില്ല. ഇടത്തെക്കാലിലെ തള്ളവിരലിന് പരിക്കേറ്റ കുട്ടിയെ രക്ഷിതാക്കളാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് കാർപ്പെറ്റ് മാറ്റിയ ശേഷമാണ് മറ്റ് കുട്ടികൾ മത്സരിച്ചത്. അപ്പീൽ നൽകാനുള്ള തീരുമാനത്തിലാണ് രക്ഷിതാക്കൾ. കഴിഞ്ഞ ദിവസം നടന്ന നാടോടി നൃത്ത മത്സരത്തിൽ ദേവമാനസിക്ക് ഫസ്റ്ര് എ ഗ്രേഡ് ലഭിച്ചിരുന്നു.