school-students

തിരുവല്ല: തന്താനെ..താനേ...തന, തന്താനെ.. താനേ.. എന്നുതുടങ്ങുന്ന പാട്ടിനൊപ്പം മുഴക്കമുള്ള താളത്തിൽ ആടിപ്പാടി വടശേരിക്കര ട്രൈബൽ സ്‌കൂളിലെ കുട്ടികൾ സദസിനെ കൈയിലെടുത്തു. ഹയർസെക്കൻഡറി വിഭാഗത്തിൽ 12പേരുടെ സംഘമാണ് പുതുമയുള്ള വേഷത്തിൽ വേദിയിലെത്തിയത്. കാവിമുണ്ട് ധരിച്ച് ഇഞ്ചമരത്തിന്റ തോലുകൊണ്ടുള്ള അരക്കെട്ടും അതിനുമേൽ മുരിക്കിന്റെ മുത്തുക്കെട്ടും സ്റ്റിക് ഉപയോഗിച്ചുള്ള കഴുത്തുമാലയും ശരീരത്തിൽ വെള്ളയുംകറുപ്പും വരകളുമായായി ചടുലമായ നൃത്തച്ചുവടുകളാൽ അവർ വേദി നിറ‌ഞ്ഞു. ഇടുക്കി കുമളിയിലെ പളിയർ ആദിവാസി വിഭാഗത്തിന്റെ പരമ്പരാഗത നൃത്തരൂപമാണിത്. പളിയക്കുടിയിലെ ഉത്സവത്തോടനുബന്ധിച്ച് നോമ്പുനോറ്റാണ് നൃത്തംചെയ്യുക. പളിയക്കുടി നിവാസിയായ വൃന്ദയും വിജയമുത്തുവുമാണ് നൃത്തം കുട്ടികളെ പഠിപ്പിച്ചത്. പെരുമ്പറ മുഴക്കമുള്ള ഡ്രമ്മിന് സമാനമായ നകാര, ദാൽറ, മുളവാദ്യം എന്നിവയാണ് വാദ്യങ്ങൾ. പ്രദീപ്, മിഥുൻ, ജിത്വിൻ, ജിഷ്ണു, വിഷ്ണു, രാജേഷ്, അഭിജിത്ത് ടി.ആർ, ദേവനാരായണൻ, സുനീഷ്, ശരത്, രോഹിത്, അനുരാജേഷ്‌ എന്നിവർ പങ്കെടുത്തു. . സ്‌കൂൾ പ്രിൻസിപ്പൽ സുന്ദരേശൻ,അദ്ധ്യാപകരായ രഞ്ജിത് കൃഷ്ണൻ, സുരേഷ്‌കുമാർ, മഞ്ജുനാഥ്, മുരളി, സാം, കവിത എന്നിവർ നേതൃത്വംനൽകി.