ചെങ്ങന്നൂർ: വൈദ്യുതി കുടിശിക ഭീമമായതോടെ കണക്ഷൻ വിച്ഛേദിക്കപ്പെട്ട് മുളക്കുഴ കോട്ടയിലെ പ്രഭുറാം മിൽസ്. കഴിഞ്ഞ വർഷം ഓണത്തിന് മുന്നോടിയായി പ്രവർത്തനം പുനരാരംഭിച്ച മിൽ 14 മാസമാണ് പ്രവർത്തിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.20നാണ് വൈദ്യുതി കുടിശിക ചൂണ്ടിക്കാട്ടി കെ.എസ്ഇബി.യിൽ നിന്നുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും സ്ഥലത്തെത്തി കണക്ഷൻ വിച്ഛേദിച്ചത്. മൂന്ന് കോടി രൂപയാണ് മില്ലിന്റെ വൈദ്യുതി കുടിശിക. ഇത് സർക്കാർ നൽകുമെന്നായിരുന്നു മാനേജ്‌മെന്റ് ഇതുവരെ പറഞ്ഞിരുന്നത്. 70 സ്ഥിരം തൊഴിലാളികളും 250 താത്കാലിക തൊഴിലാളികളുമാണ് ഇതോടെ പട്ടിണിയിലാകുന്നത്. താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായ സ്ഥാപനമാണിത്. വൈദ്യുതി കുടിശികയുടെ പേരിൽ 2022ൽ ഏഴുമാസം പൂട്ടിയിട്ടിരുന്നു. തൊഴിലാളികളുടെ പി.എഫ് തുക രണ്ടുവർഷമായി അടച്ചിട്ടില്ല. നിലവിൽ മാനേജ്‌മെന്റ് കമ്പനിയുടെ നടത്തിപ്പ് കോയമ്പത്തൂർ കേന്ദ്രമാക്കിയ ശ്രീമുരുക ട്രേഡിംഗ്കമ്പനിയെയാണ് ഏൽപ്പിച്ചിട്ടുള്ളത്. ഇവർ ഒരുലോഡ് നൂലിന് ഏഴ് ലക്ഷം രൂപയാണ് മില്ലിന് നൽകുന്നത്.