
ശബരിമല : ശബരിമലയുടെ സമഗ്ര വികസനവും തീർത്ഥാടകരുടെ സുരക്ഷയും സുഖദർശനവും ലക്ഷ്യമിട്ട് 2006ൽ തയ്യാറാക്കിയ മാസ്റ്റർ പ്ളാൻ നടപ്പാക്കാൻ ദേവസ്വം ബോർഡ് നടപടി തുടങ്ങിയത് പ്രതീക്ഷയാകുന്നു. ദേവസ്വം ബോർഡും വനംവകപ്പും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് പദ്ധതി അനന്തമായി നീണ്ടത്. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കുകയും മന്ത്രിതലത്തിൽ ചർച്ചകൾ നടത്തി തർക്കങ്ങൾ പരിഹരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഹൈക്കോടതിയും പച്ചക്കൊടി കാണിച്ചതോടെയാണ് മാസ്റ്റർ പ്ളാനിന് പുതുജീവനായത്.
ശബരിമല കാനനക്ഷേത്രമായതിനാൽ ധാരാളം പരിമിതികളുണ്ട്. അതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് 2006 ൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. 2007ൽ സംസ്ഥാന സർക്കാർ ഇത് അംഗീകരിച്ചു. 2011 -12 സാമ്പത്തിക വർഷം മുതൽ സർക്കാർ ബഡ്ജറ്റ് വിഹിതം വകയിരുത്തിത്തുടങ്ങി. ഇതുവരെ 335 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 142.5 കോടി രൂപ ചെലവഴിച്ചു. ശബരിമല സന്നിധാനത്ത് ഒരുക്കേണ്ട കാര്യങ്ങൾ, മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവയ്ക്കാണ് ഈ തുക വിനിയോഗിച്ചത്. ഈ വർഷവും ശബരിമല മാസ്റ്റർ പ്ലാനിനായി സംസ്ഥാന സർക്കാർ 30 കോടി രൂപ അനുവദിച്ചിരുന്നു. 2005 - 2006 കാലഘട്ടത്തിൽ ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻഫ്രസ്‌ട്രക്ച്ചർ ലീസ് ആൻഡ് ഫിനാൻസ് എന്ന സ്ഥാപനമാണ് 2050 വരെയുള്ള ശബരിമലയുടെ സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.
മാസ്റ്റർ പ്ളാനിലെ പ്രധാന പദ്ധതികളും അനുവദിച്ച തുകയും
1.പമ്പ ഹിൽടോപ്പിൽ നിന്ന് ഗണപതികോവിലിലേക്ക് സുരക്ഷാ പാലം : 32 കോടി.
2.ദർശനം നടത്തി മടങ്ങുന്ന തീർത്ഥാടകരെ തിരിച്ചുവിടാൻ ചന്ദ്രാനന്ദൻ റോഡിൽ പാലം : 40 കോടി.
3.പുതിയ പ്രസാദ മണ്ഡപം, തന്ത്രി - മേൽശാന്തി മഠങ്ങൾ, തിരുമുറ്റ വികസനം : 96 കോടി.
4. നിലയ്ക്കൽ ബേസ് ക്യാമ്പിൽ സുരക്ഷാ ഇടനാഴി , പിൽഗ്രിം സെന്റർ നിർമ്മാണം : 145 കോടി.
5. സന്നിധാനത്തെ അന്നദാന മണ്ഡപം , തീർത്ഥാടകർ താമസിക്കുന്ന
സ്ഥലങ്ങളിലെ സുരക്ഷാ സംവിധാനം ഒരുക്കൽ : 4 കോടി.
നടപടി വേഗത്തിൽ
മാസ്റ്റർ പ്ളാൻ തയ്യാറാക്കാൻ ഹൈക്കോടതി അനുമതി ലഭിച്ചതോടെ നടപടി ക്രമങ്ങൾ വേഗത്തിലാക്കും. വികസനത്തിന്റെ കൃത്യമായ രൂപരേഖയും വിശദാംശങ്ങളും തയ്യാറാണ്. ചിലയിടങ്ങിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ട്. ഇതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
ദേവസ്വം ബോർഡ് അധികൃതർ