കലഞ്ഞൂർ: കലഞ്ഞൂരിലും, പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. പൊതുജനങ്ങൾക്ക് നിരത്തിലിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ തെരുവ് നായ് വന്ധ്യം കരണ പദ്ധതി ഫലപ്രദമല്ലാത്തതാണ് സ്ഥിതി ഇത്രയധികം രൂക്ഷമാകാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്. റോഡ് വക്കിലെ മാലിന്യ കൂനകൾക്ക് സമീപമാണ് തെരുവ് നായ്ക്കൾ പ്രധാനമായും തമ്പടിക്കുന്നത്. കഴിഞ്ഞ 13ന് കലഞ്ഞൂർ കിഴക്കേ ആൽത്തറയ്ക്ക് സമീപം നിന്നിരുന്ന അഞ്ചുപേരെ തെരുവ്നായ കടിച്ചിരുന്നു. വൈകിട്ട് 8നായിരുന്നു സംഭവം. കൂടാതെ കഴിഞ്ഞ ദിവസവും പേപ്പട്ടിയുടെ ആക്രമണത്തിൽ രണ്ട്‌പേർക്ക് കടിയേറ്റു. രാവിലെ ക്ഷേത്രത്തിൽ പോയവർക്കാണ് കടിയേറ്റത്. ഇവർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിൽസതേടി.പേപ്പട്ടിയുടെ കടിയേറ്റതോടെ തെരുവ് നായ്ക്കളുടെ ആക്രമണം ഭയന്ന് കുട്ടികളും ആശങ്കയിലാണ്. പുലർച്ചെ ക്ഷേത്രത്തിൽ പോകുന്നവർ, കാൽനടയാത്രക്കാർ തുടങ്ങിയവരാണ് ഏറെ ദുരിതത്തിലാകുന്നത്.