റാന്നി : റിബിൽഡ് കേരളയിൽ നവീകരണം നടക്കുന്ന അത്തിക്കയം - കടുമീൻചിറ റോഡിലെ അത്തിക്കയം കൊച്ചുപാലത്തിന്റെ സംരക്ഷണഭിത്തി സമീപന റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു . 45വർഷത്തോളം കാലപ്പഴക്കമുള്ള പാലത്തിന്റെ സംരക്ഷണ ഭിത്തി ഒരു വശം ഇടിഞ്ഞ് അപകടാവസ്ഥയിലായതിന് പിന്നാലെയാണ് മറുവശത്തു സമീപന റോഡും ഇന്നലെ അപകട സ്ഥിതിയിലായത്. പാലത്തിന്റെ നിർമ്മാണത്തിനായി റീ ബിൽഡ് കേരള ആവശ്യപ്പെട്ടതനുസരിച്ച് ഒരാഴ്ച മുമ്പ് ഇതിലെയുള്ള പൈപ്പ് ലൈൻ നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം ഇന്നലെ ഉച്ചയോടെ ഉണ്ടായ ശക്തമായ മഴയിൽ മണ്ണ് ഒലിച്ചു പോകുകയായിരുന്നു.
കരാറുകാരന്റെ അലംഭാവം, നിർമ്മാണം നീളുന്നു
1.8 കിലോമീറ്റർ നീളമുള്ള കോൺക്രീറ്റ് റോഡിലെ പാലവും 100 മീറ്റർ സമീപന പാതയുമാണ് ഇനിയും പൂർത്തിയാകാനുള്ളത്. റോഡ് നവീകരണത്തിനൊപ്പം പാലം പൊളിച്ചുപണിയാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും കരാറുകാരന്റെ അലംഭാവംമൂലം നിർമ്മാണം മുടങ്ങുകയായിരുന്നു. എം.എൽ.എ ഉൾപ്പടെ ഇടപെട്ട് നിർമ്മാണം ഉടൻ പുനരാരംഭിക്കാനുള്ള നടപടികൾ നടത്തുന്നുണ്ടെങ്കിലും കരാറുകാരൻ പണികൾ വൈകിപ്പിക്കുകയാണ്. കരാർ റദ്ദാക്കിയാൽ വീണ്ടും ഒരുപാട് കാലതാമസം വരും എന്നതും പരിഗണിച്ചാണ് നിലവിലുള്ള കരാറുകാരനെകൊണ്ട് ബാക്കി ജോലികളുടെ ചെയ്യിക്കാൻ ശ്രമിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
പരാതി നൽകിയിട്ടും ഫലമില്ല
നിലവിൽ റോഡ് പഞ്ചായത്ത് അധികൃതരും പൊലീസും ഇടപെട്ട് കയർ കെട്ടി ഗതാഗതം നിരോധിച്ചിട്ടുണ്ട്. കടുമീൻചിറ കിഴക്കേഭാഗം, തോണിക്കടവ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ സമീപന റോഡിന്റെ തകർച്ച വീണ്ടും ഗതാഗതപ്രശ്നങ്ങൾക്കും കാരണമാകും.നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും നവീകരണം പൂർത്തിയാക്കാൻ റീ ബിൽഡ് കേരളയ്ക്ക് സാധിച്ചില്ല.
.................................
അത്തിക്കയം ടൗണിൽ നിന്ന് നാറാണംമൂഴി സഹകരണ ബാങ്ക്, സ്വകാര്യ ആശുപത്രി, സ്കൂളുകൾ ,കടുമീൻചിറ ശിവക്ഷേത്രം. എസ്.എൻ ഓഡിറ്റോറിയം എന്നിവിടങ്ങളിലേക്കുള്ള യാത്ര പ്രതിസന്ധിയിലായി.
................................
അത്തിക്കയം - കടുമീൻചിറ റോഡ്
നീളം : 1.8 കിലോ മീറ്റർ. വീതി : 8 മീറ്റർ,
പൂർത്തിയാകാനുള്ളത് : പാലവും 100 മീറ്റർ റോഡും
അപകടാവസ്ഥയിലായത് 45 വർഷം പഴക്കമുള്ള പാലം
വീണ്ടും ഗതാഗതം നിരോധിച്ചു