തിരുവല്ല : നെടുമ്പ്രം കടയാന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പുത്തൻകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം. രണ്ടിടങ്ങളിലുമായി അയ്യായിരം രൂപയോളം കവർന്നു. ശനിയാഴ്ച പുലർച്ചെ ആറിന് ക്ഷേത്ര ജീവനക്കാർ എത്തിയപ്പോഴാണ് ഇരുസ്ഥലങ്ങളിലും മോഷണ വിവരം പുറത്തറിഞ്ഞത്. ദേവീ ക്ഷേത്രത്തിലെ നാല് കാണിക്ക വഞ്ചികളും മേശയുമാണ് കുത്തിത്തുറന്നത്. പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ ചില്ലറയ്ക്കായി സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപയോളം ഇവിടെ നിന്ന് കവർന്നു. കാണിക്ക വഞ്ചികളിലെ പണം കഴിഞ്ഞ ഞായറാഴ്ച തുറന്ന് എടുത്തിരുന്നതായി ക്ഷേത്രഭാരവാഹികൾ പറഞ്ഞു. അതിനാൽ വഞ്ചികളിൽ നിന്ന് കാര്യമായ പണം നഷ്ടമായില്ലെന്നാണ് നിഗമനം. ഇവിടെ നിന്ന് 200 മീറ്റർ അകലെയുള്ള കടയാന്ത്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് മുന്നിലെ തൂണിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള കാണിക്കവഞ്ചിയാണ് കുത്തിപ്പൊളിച്ചത്. കാണിക്കവഞ്ചി തുറന്നിട്ട് ഒരുമാസത്തിൽ ഏറെയായതിനാൽ മൂവായിരത്തോളം രൂപയെങ്കിലും നഷ്ടമായെന്നാണ് കണക്കാക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. പുത്തൻകാവ് ദേവീക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി.സി ടി.വിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഷർട്ട് ധരിക്കാത്ത മദ്ധ്യവയസ്ക്കനായ ആളുടെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ രണ്ടിനാണ് മോഷണം നടന്നതെന്നാണ് സി.സി ടി.വിയിൽ നിന്ന് ലഭിക്കുന്ന വിവരം. പുത്തൻകാവ് ക്ഷേത്രത്തിലെ മോഷണശേഷം സമീപത്തെ ഹൈസ്‌കൂളിന്റെ ഓഫീസിന്റെ വാതിലും കുത്തിപ്പൊളിച്ചിട്ടുണ്ട്. ഇവിടെനിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്നാണ് വിവരം. സംഭവമറിഞ്ഞ് പുളക്കിഴ് പൊലീസ് എത്തി തെളിവുകൾ ശേഖരിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. സി.സി ടി.വി. ദൃശ്യങ്ങളിലെ പ്രതിയെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി പുളിക്കീഴ് സി.ഐ പറഞ്ഞു.