തിരുവല്ല : 2018ലെ പ്രളയത്തിൽ വീട് തകർന്നതിന്റെ ക്ലെയിം നൽകാതിരുന്ന ഇൻഷ്വറൻസ് കമ്പനിയും ഭവനവായ്പ നൽകിയ ബാങ്കും ഉടമയ്ക്ക് നഷ്ടപരിഹാരവും കോടതിചെലവും ഇൻഷ്വറൻസ് തുകയും നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവായി. തിരുവല്ല മേപ്രാൽ സ്വദേശി മാനങ്കേരിൽ ജസ്വിൻ തോമസും പിതാവ് തോമസ് മാത്യുവും ചേർന്ന് ഭവന നിർമ്മാണത്തിനായി മേപ്രാൽ എസ്.ബി.ഐ ശാഖയിൽ നിന്ന് 2014ൽ വായ്പയെടുത്തിരുന്നു. ഈസമയം 25ലക്ഷം രൂപയുടെ ഇൻഷ്വറൻസ് കവറേജുള്ള പോളിസിയും വായ്പക്കാരനെ കൊണ്ട് ബാങ്ക് എടുപ്പിച്ച് പ്രീമിയം അക്കൗണ്ടിൽ നിന്നെടുത്തിരുന്നു. ഇതേതുടർന്ന് നിർമ്മിച്ച വീട് പ്രളയത്തിൽ പൂർണ്ണമായും വെള്ളവും ചെളിയും കയറി വാസയോഗ്യമല്ലാതെയായി. ഇക്കാര്യം ബാങ്ക് അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് മേലധികാരികൾക്ക് പരാതി നൽകിയതിനെ തുടർന്ന് 2019 ആഗസ്റ്റിൽ ബാങ്ക് അധികാരികൾ ഇൻഷ്വറൻസ് കമ്പനിയ്ക്ക് അപേക്ഷകന്റെ ക്ലെയിം കൈമാറി. തുടർന്നും നഷ്ടപരിഹാരം ലഭിക്കാതിരുന്നതിനെ തുടർന്ന് ജില്ലാ ഉപഭോക്തൃ പരാതി പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതിയിന്മേൽ തെളിവെടുപ്പ് നടത്തിയ കമ്മീഷൻ വീട്ടുടമയ്ക്ക് പരാതി നൽകിയ തീയതി മുതൽ 9% പലിശയോടെ നഷ്ടം കണക്കാക്കി 18,95,000 രൂപ ഇൻഷ്വറൻസ് കമ്പനി നൽകണമെന്ന് വിധിയുണ്ടായി. കൂടാതെ ബാങ്ക് അധികൃതർക്കെതിരെ 25,000 രൂപയും കോടതി ചെലവായി 15,000 രൂപയും വായ്പക്കാരന് നൽകാനും പത്തനംതിട്ട സി.ഡി.ആർ.സി കമ്മീഷൻ പ്രസിഡന്റ് ജോർജ്ജ് ബേബി, കമ്മീഷൻ അംഗം നിഷാദ് തങ്കപ്പൻ എന്നിവരുടെ ബഞ്ചാണ് ഉത്തരവായത്. പരാതിക്കാർക്ക് വേണ്ടി അഡ്വ. രാജേഷ് ചാത്തങ്കരി ഹാജരായി.