road

കല്ലുവാതുക്കൽ: കാട് മൂടി കുഴികൾ നിറഞ്ഞ് നാട്ടുകാർക്ക് ദുരിതപാതയായി രാജ് റസിഡൻസി-ഊഴായിക്കോട് ഇണ്ടിളയപ്പൻ ക്ഷേത്ര റോഡ്. ദേശീയപാത 66ൽ പാറ ജംഗ്‌ഷന് എതിർവശത്തേക്കുള്ള കല്ലുവാതുക്കൽ പഞ്ചായത്ത് 23-ാം വാർഡിലെ വിവിധ റോഡുകളിലെ യാത്രയാണ് സാഹസികമാകുന്നത്.

ഇരുവശങ്ങളിലും വളർന്ന ചെടികളുടെ ചില്ലകൾ റോഡിലേക്ക് ചാഞ്ഞ് വാഹനങ്ങൾക്ക് ഉരസലുണ്ടാക്കുന്നു. ഇടുങ്ങിയ റോഡിൽ എതിരെയുള്ള വാഹനത്തിനായി സൈഡ് കൊടുക്കാൻ കഴിയുന്നില്ല. റോഡരികിലെ കുറ്റിക്കാട് കാൽനടക്കാർക്ക് ഇഴജന്തുക്കളിൽ നിന്ന് ബുദ്ധിമുട്ടുണ്ടാക്കുന്നു.

അറ്റകുറ്റപ്പണികളോ നവീകരണമോ ഇല്ലാതെ റോഡും സഞ്ചാരയോഗ്യമല്ല. ജലജീവൻ മിഷൻ പ്രകാരമുള്ള ഗാർഹിക കണക്ഷനുകൾക്ക് വേണ്ടി റോഡ് മുറിച്ചത് പൂർവസ്ഥിതിയിലാക്കാത്തതും യാത്ര ദുഷ്‌കരമാക്കുന്നു. റോഡിന്റെ പണിക്കും ചേർത്താണ് പണമടച്ചതെന്ന് ഗാർഹിക കണക്ഷനെടുത്ത ഗുണഭോക്താക്കൾ പറയുന്നു.

നേരത്തെ തൊഴിലുറപ്പുകാർ കാട് വെട്ടിത്തെളിക്കുന്ന ജോലികൾ ചെയ്‌തിരുന്നു. എന്നാലിപ്പോൾ അവർ വ്യക്തികൾക്കുള്ള പുരയിടങ്ങളിൽ നിലമൊരുക്കുന്ന ജോലിയാണ് ഏറ്റെടുക്കുന്നത്.

ആർ.മോഹനൻ

പ്രദേശവാസി

തൊഴിലുറപ്പ് തൊഴിലാളികൾക്ക് പൊതുപ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് ഫണ്ട് തടസമാകുന്നു. ജലജീവൻ മിഷന്റെ കണക്ഷനായി വെട്ടിമുറിച്ച റോഡുകൾ പദ്ധതിയുടെ ഫണ്ട് ലഭ്യമാകുന്നതോടെ പൂർവസ്ഥിതിയിലാകും.

രജനി രാജൻ

23 ാം വാർഡ് അംഗം