പമ്പ്സെറ്റ് സ്ഥാപിക്കാനുള്ള ഫയൽ ധനവകുപ്പിൽ കുടുങ്ങി

കൊല്ലം: ‌ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണം തുടങ്ങി ആറ് വർഷം പിന്നിട്ടിട്ടും, ‌തടയണയും പമ്പ് സെറ്റ് സ്ഥാപിക്കലും അടക്കം 83 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ബാക്കി നിൽക്കുന്നു. 38.96 കോടിയുടെ പമ്പ് സെറ്റ് സ്ഥാപിച്ചാൽ പദ്ധതി കമ്മിഷൻ ചെയ്യാമെങ്കിലും ഇതിനുള്ള കരാർ ഉറപ്പിക്കേണ്ട ഫയൽ മൂന്ന് മാസമായി ധനവകുപ്പിൽ അടവച്ചിരിക്കുകയാണ്.

എസ്റ്റിമേറ്റിനെക്കാൾ 38 ശതമാനം അധികം തുകയുള്ള പമ്പ് സെറ്റ് സ്ഥാപിക്കലിന്റെ കരാർ നാല് മാസം മുൻപാണ് അംഗീകാരത്തിനായി സർക്കാരിന് കൈമാറിയത്. മൂന്ന് മാസം മുൻപ് ഫയൽ ജലവിഭവ വകുപ്പിൽ നിന്നു ധനവകുപ്പിന് കൈമാറിയെങ്കിലും ഉദ്യോഗസ്ഥർ പരിശോധന അനന്തമായി നീട്ടുകയാണ്. ടെണ്ടർ തുക എസ്റ്റിമേറ്റിനെക്കാൾ വളരെ കൂടുതലായതിനാൽ ആദ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചെങ്കിലും ജലവവിഭവ വകുപ്പ് ചീഫ് എൻജിനീയർ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണ് സർക്കാരിന്റെ അംഗീകാരം വാങ്ങാൻ തിരിച്ചയച്ചത്. നാല് മാസം മുൻപ് റീ ടെണ്ടർ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ഒരുപക്ഷേ കരാർ ഉറപ്പിക്കാമായിരുന്നു. ധനവകുപ്പ് അനുകൂല തീരുമാനമെടുത്താലും മന്ത്രിസഭ അംഗീകരിച്ചെങ്കിൽ മാത്രമേ കരാർ ഒപ്പിടാനാവൂ.

തടയണ നിർമ്മാണവും വൈകും

‌ഞാങ്കടവിലെ കിണറ്റിൽ വേനൽക്കാലത്തും ജലലഭ്യത ഉറപ്പാക്കാനുള്ള തടയണയുടെ നിർമ്മാണത്തിന് പലതവണ ടെണ്ടർ ക്ഷണിച്ചിട്ടും കരാറായില്ല. അമൃത് 1 പദ്ധതിയിലാണ് ഇതിനുള്ള പണം വകയിരുത്തിയത്. വർഷങ്ങൾ പിന്നിട്ടിട്ടും നടക്കാത്തതിനാൽ ഇപ്പോൾ അമൃത് 2 പദ്ധതയിൽ പണം നീക്കിവച്ചിരിക്കുകയാണ്. അതിനാൽ പുതുതായി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കണം. അതിന് ശേഷം ടെണ്ടർ ക്ഷണിച്ചുവേണം നിർമ്മാണത്തിലേക്ക് കടക്കാൻ. പമ്പ് സെറ്റ് സ്ഥാപിച്ചാൽ തടയണയില്ലാതെതന്നെ പദ്ധതി കമ്മിഷൻ ചെയ്യാനാണ് ഇപ്പോഴത്തെ ആലോചന.


5 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം

 കൊല്ലം കോർപ്പറേഷന് പുറമേ പനയം, തൃക്കരുവ, പെരുനാട്, കൊറ്റങ്കര, ഇളമ്പള്ളൂർ പഞ്ചായത്തുകൾക്കും വെള്ളം

 പമ്പ് സെറ്റിന്റെ ടെണ്ടർ തുലാസിൽ

 സ്ഥാപിക്കേണ്ടത് 15 പമ്പ് സെറ്റുകൾ

 വമ്പൻ പമ്പുകൾ പുതുതായി നിർമ്മിക്കണം

പമ്പ് സെറ്റിന്റെ കരാർ ഉറപ്പിച്ചാൽ 11 മാസത്തിനകം സ്ഥാപിക്കാം. തൊട്ടുപിന്നാലെ പദ്ധതി കമ്മിഷൻ ചെയ്യാം. തടയണയുടെ നിർമ്മാണം കമ്മിഷനിംഗിനെ ബാധിക്കില്ല

വാട്ടർ അതോറിട്ടി അധികൃതർ