 
കൊല്ലം: ജില്ലയിൽ പകർച്ചവ്യാധികൾ പെരുകിയിട്ടും, കണ്ണായ സ്ഥലങ്ങളിൽപ്പോലും മാലിന്യങ്ങൾ തള്ളുന്നത് തടയാനാവാതെ കോർപ്പറേഷൻ അധികൃതർ.
ചിന്നക്കടയിൽ നിന്ന് ബീച്ചിലേക്കു പോകുന്ന റോഡിൽ നടപ്പാത അവസാനിക്കുന്ന ചിന്നക്കട ക്ലോക്ക് ടവറിനടുത്താണ് വ്യാപകമായി മാലിന്യം തള്ളുന്നത്. ചാക്കുകളിലും പ്ലാസ്റ്റിക്ക് കിറ്റുകളിലും മാലിന്യം ഉപേക്ഷിക്കുന്നത് പതിവായിട്ടും അധികൃതർ ഗൗനിക്കുന്നില്ല. . കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ അസഹ്യമായ ദുർഗന്ധം മൂലം മൂക്കുപൊത്തിയാണ് നടപ്പാതയിലൂടെ ആളുകൾ ചിന്നക്കട ക്ലോക്ക് ടവർ ബസ് സ്റ്രോപ്പിലേക്കും മറ്റും എത്തുന്നത്. രാപ്പപകൽ വ്യത്യാസമില്ലാതെ ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. പാഴ്ച്ചെടികളും മറ്റും വളർന്ന് കാടുമൂടിയ ഇവിടെ രാത്രിയും പുലർച്ചെയുമാണ് മാലിന്യം തള്ളൽ. ചീത്തയായ ഓറഞ്ച്, ആപ്പിൾ അടക്കമുള്ള പഴങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഉൾപ്പെടെ ഇവിടെ കെട്ടിക്കിടക്കുന്നു. പഴങ്ങൾ അഴുകി പുഴുവരിച്ച് തുടങ്ങിയ നിലയിലാണ്. ചിന്നക്കട മേൽപ്പാലത്തിൽ നിന്ന് ഈ ഭാഗത്തേക്ക് കിറ്റുകളിൽ കെട്ടി മാലിന്യം തള്ളാറുണ്ടെന്നും സമീപവാസികൾ പറയുന്നു.
ഇവിടെ മാത്രമല്ല ദേശീയപാതയോരത്തും ഇടറോഡുകളുടെ വശങ്ങളിലും മാലിന്യം തള്ളുന്നത് പതിവാണ്. എത്ര വൃത്തിയാക്കിയാലും അടുത്തദിവസം നോക്കിയാൽ വീണ്ടും മാലിന്യം കുന്നുകൂടി കിടക്കുന്നതു കാണാം. നിരീക്ഷണ ക്യാമറകൾ ഇല്ലാത്ത ഇടങ്ങളിലാണ് മാലിന്യം കൂടുതലായി തള്ളുന്നത്.
മഴയത്ത് അസഹനീയം
മഴപെയ്താൽ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലെ സ്ഥിതി കൂടുതൽ രൂക്ഷമാകും. അഴുക്കുവെള്ളം പരിസരമാകെ പരക്കും. ഈ വെള്ളത്തിൽ ചവിട്ടി നടക്കേണ്ട ഗതികേടിലാണ് ഇവിടെ എത്തുന്നവർ. അടിയന്തര നടപടി ഉണ്ടാവണമെന്നാണ് കാൽനടയാത്രക്കാരുടെ ആവശ്യം.
പഴങ്ങളൊക്കെ ചീഞ്ഞ നാറ്റം സഹിച്ചാണ് നടക്കുന്നത്. മഴയത്ത് ഈ അഴുക്കുവെള്ളത്തിൽ കൂടി നടക്കേണ്ട അവസ്ഥയാണ്
റസിയ , കാൽനട യാത്രക്കാരി