കൊല്ലം: കേരളപ്പിറവി ദിനമായിരുന്ന ഇന്നലെ കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് എത്തിയപ്പോൾ സ്കൂൾ മുറ്റത്തൊരു ഓല മേഞ്ഞ ചായക്കട! കടയ്ക്കുള്ളിൽ തലയിൽ തോർത്ത് കെട്ടിയ ഒരു അപ്പുപ്പൻ ചായ തിളപ്പിക്കുന്നു.
ചായക്കടയുടെ പലകത്തട്ടിന് മുന്നിൽ പഴയ സിനിമാ പോസ്റ്ററുകൾ. ഉള്ളിലെ റോഡിയോയിൽ നിന്ന് പഴയ സിനിമാഗാനം ഒഴുകിവരുന്നു.
ചായക്കട പിന്നിട്ട് ക്ലാസ് മുറിയിലേക്ക് ചെന്നപ്പോൾ അവിടെ, മുത്തശ്ശിയുടെ കഥകളിൽ ഇടയ്ക്കിടെ കടന്നുവരാറുള്ള ഒരുകൂട്ടം സാധനങ്ങൾ. നാഴി, ചിരട്ടത്തവി, കുട്ടകം, ഉരുളി, അണ്ടാവ്, തടികൊണ്ടുള്ള പുട്ടുകുറ്റി, ഘടികാരം, പറ, മുറം അടക്കമുള്ള അടുക്കള സാധനങ്ങളും ടൈപ്പ് റൈറ്റിംഗ് മെഷീൻ തുടങ്ങിയ പഴയകാല ഉപകരണങ്ങളും.
നാടൻ രുചി
കേരളപ്പിറവി ദിനമായതിനാൽ കുട്ടികൾ എല്ലാവരും നാടൻ വിഭവങ്ങളുമായാണ് വന്നത്. വീട്ടിൽ നിന്നു കുട്ടികൾ തയ്യാറാക്കിക്കൊണ്ടുവന്ന പുട്ടും പയറും ഇലയപ്പവും തെരളിയപ്പവും കപ്പയും അടക്കമുള്ള വിഭവങ്ങളുടെ പ്രദർശനവും നടന്നു. പ്രദർശനത്തിന് ശേഷം നാടൻ വിഭവങ്ങൾ പങ്കിട്ട് കഴിച്ച് സ്വാദറിഞ്ഞു.
റാട്ടിന്റെ താളം
തലനിറയെ ചകിരിക്കെട്ടും കൈയിൽ കയർപിരിക്കുന്ന റാട്ട് യന്ത്രങ്ങളുമായി പെരിനാട് നിന്നുള്ള കയർത്തൊഴിലാളികളും സ്കൂളിലേക്കെത്തി.തൊഴിലാളികൾക്കൊപ്പം വിദ്യാർത്ഥികൾ ചകിരി പിരിച്ച് റാട്ട് യന്ത്രത്തിൽ കയറുണ്ടാക്കി. പിന്നെ ഓലമെടഞ്ഞു. നാടൻ ശീലുകൾ ചൊല്ലി തൊഴിലാളികൾക്കൊപ്പം കറ്റതല്ലലും പഠിച്ചും.
സ്കൂൾ മുറ്റത്ത് നാട്ടുചന്ത
ചേന, ചേമ്പ്, ചക്ക, മരച്ചീനി തുടങ്ങിയ വിഭവങ്ങൾ മാത്രമുള്ള നാട്ടുചന്തയും സ്കൂൾ മുറ്റത്തുണ്ടായിരുന്നു. പഴയകാല വേഷത്തിൽ കുട്ടികൾ തന്നെയായിരുന്നു കച്ചവടക്കാർ. വീട്ടുപരിസരത്ത് നിന്നാണ് ചന്തയിലേക്കുള്ള വിഭവങ്ങൾ കുട്ടികൾ ശേഖരിച്ചത്.
നൃത്തശില്പമായി അമ്മ
ഒ.എൻ.വി കുറുപ്പിന്റെ അമ്മ എന്ന കവിതയുടെ നൃത്താവിഷ്കാരവും അരങ്ങേറി. അതിന് പുറമെ ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികൾ വടക്കൻ പാട്ടുകളിലെ കഥാപാത്രങ്ങളുടെയും പണ്ട് കേരളത്തിന്റ പലഭാഗങ്ങൾ ഭരിച്ചിരുന്ന രാജാക്കന്മാരുടെയും മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെയും വേഷമണിഞ്ഞാണ് എത്തിയത്.
പഴമയുടെ നന്മ
പഴമ നന്മകൾ കുട്ടികളുടെ മനസിൽ നിറയ്ക്കാനാണ് പുരാവസ്തുക്കളുടെ പ്രദർശനത്തിനൊപ്പം പഴയകാല ജീവിതവും അനുഭവവേദ്യമാക്കുന്ന വ്യത്യസ്തമായ ആഘോഷം കേരളപ്പിറവി ദിനത്തിൽ കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ചത്. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ആഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ പി. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. പെരിനാട് കയർ സംഘത്തിലെ തൊഴിലാളികളെയും സംഘം പ്രസിഡന്റിനെയും ഡി. സുരേഷ് കുമാറിനെയും ചടങ്ങിൽ ആദരിച്ചു. സ്കൂൾ വൈസ് ചെയർപേഴ്സൺ എസ്. ലക്ഷ്മി, വൈസ് പ്രിൻസിപ്പൽ ജയശ്രീ വിജയകരൻ എന്നിവർ സംസാരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി എം. കാർത്തിക നന്ദി പറഞ്ഞു.കേരളത്തിന്റ തനത് നൃത്തരൂപമായ മോഹനിയാട്ടവും അരങ്ങേറി.